കതിരൂര്‍ മനോജ് വധക്കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന സി.ബി.ഐ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന നിരീക്ഷണം നടത്തിയ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച്, നാലു മാസത്തിനുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.

കേസിലെ പ്രതികള്‍ വിചാരണ കോടതി ജഡ്ജിയെ സ്വാധീനിക്കുമോ എന്ന ആശങ്കയാണോ സി.ബി.ഐക്കുള്ളതെന്നും സുപ്രീംകോടതി ആരാഞ്ഞു. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.

വിചാരണ എറണാകുളത്തുനിന്ന് കര്‍ണാടകത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സി.ബി.ഐയുടെ ട്രാന്‍സ്ഫര്‍ ഹരജി. നേരത്തേ കേസിന്റെ നടപടികള്‍ തലശ്ശേരിയില്‍നിന്ന് എറണാകുളത്തേക്കു മാറ്റി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ വീണ്ടും ഹരജി നല്‍കിയത്.

2018ല്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹരജിയില്‍ കേസിലെ മുഖ്യ പ്രതിയായ പ്രകാശനെ മാത്രമായിരുന്നു സി.ബി.ഐ എതിര്‍കക്ഷിയാക്കിയിരുന്നത്. കേസിലെ പ്രതികളായ സി.പി.എം നേതാക്കളായ പി. ജയരാജന്‍, ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെ 23 പേരെക്കൂടി ട്രാന്‍സ്ഫര്‍ ഹരജിയില്‍ കക്ഷിചേര്‍ക്കണമെന്ന് സി.ബി.ഐ ബുധനാഴ്ച ആവശ്യപ്പെട്ടു. 

Tags:    
News Summary - Kathirur Manoj murder case: The plea to shift the trial outside Kerala was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.