ഫേസ്​ബുക്ക്​ പോസ്​റ്റിട്ടതിന്​ കശ്​മീരിൽ വനിത ഫോ​​ട്ടോ ജേണലിസ്​റ്റിനെതിരെ യു.എ.പി.എ

ശ്രീനഗർ: സോഷ്യൽ മീഡിയയിൽ ദേശവിരുദ്ധ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു​വെന്നാരോപിച്ച്​ കശ്​മീരിൽ വനിത ഫോട്ടോ ജേണലി സ്റ്റിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു. ഫോട്ടോ ജേണലിസ്റ്റ് മസ്രത്ത് സഹ്‌റയ്‌ക്കെതിരെയാണ്​ ശ്രീനഗറിലെ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്​. എന്നാൽ, ഏത്​ പോസ്​റ്റാണ്​ കേസിനാധാരം എന്ന്​ പൊലീസ്​ അറിയിച്ചിട ്ടില്ല.

യു‌.എ.പി.‌എയുടെ സെക്ഷൻ 13 ഉം ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 505 ഉം ആണ്​ ഇവർക്കെതിരെ ചുമത്തിയതെന്ന്​ തിങ്കളാഴ ്ച പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “യുവാക്കളെ കുറ്റകൃത്യങ്ങൾക്കും സമാധാനാന്തരീക്ഷം തകർക്കാനും പ്രേരിപ്പിക്കുന്ന തരത്തിൽ മസ്രത്ത് സഹ്‌റ ഫേസ്ബുക്കിൽ ദേശ വിരുദ്ധ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന്​ സൈബർ പോലീസിന് വിവരം ലഭിച്ചു” എന്നാണ്​ പ്രസ്താവനയിൽ പറയുന്നത്​. “മാധ്യമപ്രവർത്തക കൂടിയായ ഇവർ ക്രമസമാധാനം ഇല്ലാതാക്കാൻ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ഫോട്ടോകളാണ്​ ഫേസ്​ബുക്കിലിടുന്നത്​. രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നതും നിയമ നിർവ്വഹണ ഏജൻസികളിൽ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ പോസ്റ്റുകളാണ്​ ഇവരുടേത്’’ -പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, ഏത്​ പോസ്​റ്റുകളാണ്​ എന്ന്​ പ്രത്യേകം പരാമർശിച്ചിട്ടില്ല. ഇതുസംബന്ധിച്ച്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വിസമ്മതിച്ചതായി ഓൺ​ലൈൻ പോർട്ടലായ ‘ദി വയർ’ റിപ്പോർട്ട്​ ചെയ്​തു. പോലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും കശ്മീരിലെ സൈബർ പൊലീസ്​ തലവനായ താഹിർ അഷ്‌റഫ് പറഞ്ഞു.

2016 മുതൽ ഫ്രീലാൻസ് ജേണലിസ്റ്റാണ്​ മസ്രത്ത്​ സഹ്​റ. ഇവർ പകർത്തിയ ചിത്രങ്ങൾ വാഷിംഗ്ടൺ പോസ്റ്റ്, ടിആർടി വേൾഡ്, അൽ ജസീറ, ദി ന്യൂ ഹ്യൂമാനിറ്റേറിയൻ, കാരവൻ തുടങ്ങി വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഹ്‌റ പറഞ്ഞു. “കേസിനെക്കുറിച്ച് എന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സഹപ്രവർത്തകരിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ്​ ഞാൻ ഇതേക്കുറിച്ച് മനസ്സിലാക്കിയത്​” -അവർ പറഞ്ഞു. മാധ്യമപ്രവർത്തകക്കെതിരായ കേസ് പിൻവലിക്കണമെന്ന് കശ്​മീർ പ്രസ്​ ക്ലബ്​ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. “പത്രപ്രവർത്തനം കുറ്റകരമല്ല. ഞങ്ങളുടെ സഹപ്രവർത്തകരോട്, പ്രത്യേകിച്ച്​ മസ്രത്തിനോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു. അവർക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു’ - പ്രസ്​ ക്ലബ്​ പ്രസ്​താവനയിൽ പറഞ്ഞു. കശ്മീരിലെ മാധ്യമപ്രവർത്തകരും സഹ്‌റയെ പിന്തുണച്ച് രംഗത്തെത്തി. അവർക്കെതിരായ എഫ്‌.ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.

Tags:    
News Summary - Kashmiri Photojournalist Charged Under UAPA for Unspecified Social Media Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.