കശ്മീരില്‍: യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഗീലാനിയെ സന്ദര്‍ശിച്ചു

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കലുഷിതമായ കശ്മീരില്‍ സമാധാന ദൗത്യവുമായി സന്ദര്‍ശനം നടത്തുന്ന  ബി.ജെ.പി നേതാവ്  യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പൗരസമൂഹത്തിന്‍െറ പ്രതിനിധിസംഘം ഹുര്‍റിയത് നേതാവ്  സയ്യിദ് അലി ഷാ ഗീലാനിയെ  സന്ദര്‍ശിച്ചു.

വിഘടനവാദി നേതാക്കളായ മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസിന്‍ മാലിക്  എന്നിവരെയും കാണുമോ എന്ന ചോദ്യത്തിന് എല്ലാവരെയും കാണാന്‍ ശ്രമിക്കുമെന്ന് സിന്‍ഹ വ്യക്തമാക്കി. വിഘടനവാദി നേതാക്കള്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണോ ഈ സന്ദര്‍ശനമെന്ന ചോദ്യത്തിന് ക്ഷണമൊന്നുമില്ളെന്നും തങ്ങള്‍ കാണാന്‍ അഭ്യര്‍ഥിച്ച ശേഷമാണ് ഗീലാനിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമീഷന്‍െറ മുന്‍ ചെയര്‍മാന്‍ വജാഹത് ഹബീബുല്ല, വ്യോമസേന മുന്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, പത്രപ്രവര്‍ത്തകന്‍ ഭരത് ഭൂഷണ്‍, സെന്‍ര്‍ ഫോര്‍ ഡയലോഗ് ആന്‍ഡ് റികണ്‍സിലേഷനിലെ സുശോഭ ബര്‍വെ എന്നിവരാണ് സംഘത്തിലുള്ളത്. മിതവാദി ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് മീര്‍വാഇസ് ഉമര്‍ ഫാറൂഖിനെ സന്ദര്‍ശിക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.

ആഗസ്റ്റ് 27 മുതല്‍ ജയിലിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ചെസ്മ-ശാഹി ജയിലില്‍നിന്ന് വിട്ടയച്ചത്. ഗീലാനിയെ അദ്ദേഹത്തിന്‍െറ വസതിയില്‍  സന്ദര്‍ശിച്ചതില്‍നിന്ന്  വിട്ടുനിന്ന  ബി.ജെ.പി  ഇത് പാര്‍ട്ടിയുടെ പ്രതിനിധിസംഘമല്ളെന്ന് പറഞ്ഞു. ബി.ജെ.പിയുടെ പ്രതിനിധിസംഘമാണെന്ന മാധ്യമവാര്‍ത്തകള്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ നിഷേധിച്ചു. ബി.ജെ.പിക്ക് ഇതിനകത്ത് ഒന്നും നിര്‍വഹിക്കാനില്ളെന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതേസമയം, ഹുര്‍റിയത് കോണ്‍ഫറന്‍സ് ചര്‍ച്ചകള്‍ക്ക് എതിരല്ളെന്ന്  ഹുര്‍റിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മീര്‍വാഇസ് ഉമര്‍ ഫാറൂഖ് പറഞ്ഞു.  ഇന്ത്യയും പാകിസ്താനും കശ്മീരിലെ ജനങ്ങളും ചേര്‍ന്ന ഫലവത്തായ ചര്‍ച്ചകളാണ് വേണ്ടത്.

സയ്യിദ് അലി ഷാ ഗീലാനി, മാലിക് എന്നിവരൊന്നും ചര്‍ച്ചക്ക് എതിരല്ല. കശ്മീര്‍ വിഷയം രാഷ്ട്രീയ പ്രശ്നമായി കണ്ട് ചര്‍ച്ച നടത്തണം -അദ്ദേഹം പറഞ്ഞു. താഴ്വരയില്‍ 24 മണിക്കൂറിനിടെ മൂന്ന് സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് അജ്ഞാത സംഘം തീവെച്ചു. നൂര്‍ബാഗ് സര്‍ക്കാര്‍ സ്കൂള്‍,  ഐഷ്മുഖം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സദ്കോട്ട ബാലയിലെ ഗവ. മിഡ്ല്‍ സ്കൂള്‍ എന്നിവക്കാണ് തീയിട്ടത്.

 

 

 

Tags:    
News Summary - kashmir conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.