വിജയ്
ചെന്നൈ: കരൂർ ദുരന്ത കേസന്വേഷണവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയ്ക്ക് സി.ബി.െഎ സമൻസ് അയച്ചു. ജനുവരി 12ന് സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്ത് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സി.ബി.ഐ നിർദേശിച്ചത്. സെപ്റ്റംബർ 27ന് കരൂരിൽ വിജയ് പങ്കെടുത്ത ടി.വി.കെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 17ന് സി.ബി.ഐ സംഘം കരൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ മേൽന്നോട്ടത്തിലാകും സി.ബി.ഐ അന്വേഷണം നടക്കുക. സി.ബി.ഐ അന്വേഷണം നിരീക്ഷിക്കുന്നതിനും നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുമായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. വിരമിച്ച ജഡ്ജി അന്വേഷണത്തിന് നേതൃത്വം വഹിക്കും. ടിവികെയുടെ ഹർജിയിലാണ് നടപടി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് റസ്തഗി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അന്വേഷണം നിരീക്ഷിക്കും.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. ഉച്ചക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.