വിജയ്

‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ’; കരൂർ ദുരന്തത്തിൽ വിജയ്‌യുടെ ആദ്യ പ്രതികരണം

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെയുടെ പ്രചാരണ റാലിയിൽ 38 പേർ തിക്കിലുംതിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പാർട്ടി അധ്യക്ഷനും നടനുമായ വിജയ്‌യുടെ ആദ്യ പ്രതികരണം പുറത്ത്. തന്റെ ഹൃദയം തകർന്നിരിക്കുന്നുവെന്നും വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ദുഃഖത്തിലാണ് താനെന്നും വിജയ് എക്സിൽ കുറിച്ചു. ശനിയാഴ്ച വൈകിട്ടാണ് വിജയ്‌യുടെ നേതൃത്വത്തിൽ കരൂരിൽ വൻ ജനാവലി അണിനിരന്ന റാലി സംഘടിപ്പിച്ചത്.

“എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു” -വിജയ് എക്സിൽ കുറിച്ചു.

റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ നിരവധിപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന വമ്പൻ റാലിക്കിടെയാണ് അപകടമുണ്ടായത്. വിജയ് സംസാരിക്കുമ്പോൾ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീഴുകയായിരുന്നു. പിന്നാലെയാണ് ദുരന്തമുണ്ടായത്. തുടർന്ന് വിജയ് പ്രസംഗം നിർത്തി, രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെ സഹായം തേടി. വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുന്നതും കാണാമായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ല ഭരണകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച രാവിലെ കരൂരിലെത്തും. തിരുച്ചിയിൽനിന്നും സേലത്തുനിന്നും കൂടുതൽ ഡോക്ടർമാരെ എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ​പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷവും പിരിഞ്ഞുപോകാത്ത അണികളെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പറഞ്ഞയച്ചത്. ആംബുലൻസുകൾ സ്ഥലത്തെത്താനും ഏറെ ബുദ്ധിമുട്ടി.

വിജയിയു​ടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനുള്ള ശ്രമത്തിനിടെയുണ്ടായ തിരക്കും അപകടത്തിന്റെ ആക്കം കൂട്ടി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുത്തേക്കും. ഉച്ചക്ക് 12 മണിക്ക് തീരുമാനിച്ച പരിപാടിയിൽ ആറ് മണിക്കൂർ വൈകിയാണ് താരം എത്തിയത്. 30,000 പേരാണ് രാവിലെമുതൽ മൈതാന​ത്ത് കാത്തിരുന്നത്.

അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മു​ന്നോടിയായാണ് വിജയ് സംസ്ഥാന പര്യടനം ഈ മാസം തുടങ്ങിയത്. രണ്ടാംഘട്ട പര്യടനം ശനിയാഴ്ച നാമക്കലിൽനിന്നാണ് തുടങ്ങിയത്. വൻ ജനക്കൂട്ടം എത്തുന്നതിനാൽ പൊലീസ് കർശന നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നൽകിയിരുന്നത്. സമയക്രമം പാലിക്കണമെന്നും പൊതുസ്വത്തുക്കൾ നശിപ്പിക്കരുതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Karur Stampede TVK Vijay First Response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.