'ഉണങ്ങാത്ത മുറിവായി മാറിയ ദിനം': ഒന്നാം വാർഷികത്തിൽ കരൂർ ദുരന്തത്തെ അനുസ്മരിച്ച് വിജയ്
ചെന്നൈ: കരൂർ ദുരന്തം മായാത്ത മുറിവുകൾ അവശേഷിപ്പിച്ചെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. തിക്കിലും തിരക്കിലും പെട്ടുണ്ടായ ദാരുണ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വിജയ് ആദരാഞ്ജലി അർപ്പിച്ചതായും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
2025 സെപ്റ്റംബർ 27, തന്റെ ജീവിതകാലത്തും നമ്മുടെ കരൂർ ബന്ധുക്കളുടെ ജീവിതത്തിലും തമിഴ് ഹൃദയങ്ങളിലും ഉണങ്ങാത്ത മുറിവായി, മങ്ങാത്ത ഓർമ്മയായി മാറിയ ദുഃഖകരമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പറയാൻ കഴിയാത്ത ദുഃഖം പേറി നമ്മൾ നിൽക്കുന്നു, നമ്മളും നമ്മുടെ കരൂർ ബന്ധുക്കളും ബന്ധുക്കൾക്കൊപ്പമുണ്ടാകും. ഹൃദയങ്ങളിൽ കൊണ്ടുനടന്ന ബന്ധങ്ങളുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന നമുക്ക്, നമ്മൾ തന്നെ ആശ്വാസവും പിന്തുണയും അഭയവുമായിരിക്കും. ഓർമ്മകളിൽ ജീവിക്കുന്ന എല്ലാ ബന്ധുക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
വിജയിന്റെ റാലിക്കിടെ കരൂരിലെ വേലുസാമിപുരത്ത് തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
ദുരന്തത്തിന് ശേഷം വേദിയുടെ തിരഞ്ഞെടുപ്പ്, ജനക്കൂട്ടത്തിന്റെ നിയന്ത്രണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. ഉത്തരവാദിത്തത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ രൂക്ഷമായ ഭിന്നതയുണ്ടായി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇരകളുടെ കുടുംബത്തിന് അന്നത്തെ സർക്കാരും ടി.വി.കെയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2026 ജൂലൈ 10-ന് അദ്ദേഹം കരൂർ സന്ദർശിച്ചു. ഇരകളുടെ കുടുംബങ്ങളെ കാണുകയും ചില ബന്ധുക്കൾക്ക് സർക്കാർ ജോലി നിയമന ഉത്തരവുകൾ കൈമാറുകയും മരിച്ചവരുടെ സ്മരണയ്ക്കായി നഗരത്തിൽ ഒരു സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജോലി നൽകിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നുവെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.