ചെന്നൈ: കരൂരിൽ വിജയ് യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം(എസ്.ഐ.ടി) രൂപവത്കരിച്ച മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ തമിഴക വെട്രി കഴകം(ടി.വി.കെ) സുപ്രീംകോടതിയെ സമീപിച്ചു. ടി.വി.കെ തെരഞ്ഞെടുപ്പ് പ്രചാരണ സെക്രട്ടറി ആധവ് അർജുനയാണ് ഹരജി സമർപ്പിച്ചത്. വ്യാഴാഴ്ച ഹരജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. വെള്ളിയാഴ്ച മറ്റ് ഹരജികേളാടൊപ്പം ഇതും പരിഗണിക്കും.
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യുടെ കരൂരിലെ പ്രചാരണ പരിപാടിക്കിടെ തിരക്കിൽപെട്ട് 41 പേർ മരിച്ച സംഭവത്തിൽ ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണമാരംഭിച്ചു. മദ്രാസ് ഹൈകോടതി നിർദേശപ്രകാരമാണ് എസ്.ഐ.ടി രൂപവത്കരിച്ചത്. രണ്ട് വനിത എസ്.പിമാരുൾപ്പെടെ 12 പൊലീസുദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ഞായറാഴ്ച രാവിലെ കരൂർ സ്റ്റേഷനിൽ കേസിന്റെ ഫയൽ ഐ.ജി അസ്ര ഗാർഗിന് കൈമാറി. തുടർന്ന് ദുരന്തം നടന്ന കരൂരിലെ വേലുച്ചാമിപുരവും സമീപ പ്രദേശങ്ങളും അന്വേഷണസംഘം സന്ദർശിച്ചു. അടുത്ത ദിവസം പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. മദ്രാസ് ഹൈകോടതി മധുര ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ടി.വി.കെ ജനറൽ സെക്രട്ടറി പുസി ആനന്ദ്, ജോ. സെക്രട്ടറി നിർമൽകുമാർ എന്നിവർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
മദ്രാസ് ഹൈകോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കെതിരെ ടി.വി.കെ അധ്യക്ഷൻ വിജയ് യും സുപ്രീംകോടതിയെ സമീപിക്കും. വിജയ് ക്ക് നേതൃപാടവമില്ലെന്നതുൾപ്പെടെയുള്ള കോടതി വിമർശനം അദ്ദേഹത്തിനും ടി.വി.കെക്കും വൻ തിരിച്ചടിയാണ്. ദുരന്തത്തിന് പിന്നിൽ ഡി.എം.കെയുടെ ഗൂഢാലോചനയുണ്ടെന്നാണ് വിജയ് യുടെ ആരോപണം. റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയകക്ഷികളുടെ റോഡ്ഷോകൾക്കും പൊതുയോഗങ്ങൾക്കും കടുത്ത നിയന്ത്രണമേർപ്പെടുത്താനാണ് സംസ്ഥാന സർക്കാറിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വരുന്നതുവരെ ടി.വി.കെയുടെ പ്രചാരണ പരിപാടികൾക്ക് അനുമതി നൽകാനിടയില്ല.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരൂർ ദുരന്തകേസിൽ കരുതലോടെയാണ് നീങ്ങുന്നത്. അറസ്റ്റ് ഉൾപ്പെടെ മുഴുവൻ നിയമനടപടികളും കോടതിയുടെ മേൽനോട്ടത്തിൽ നടക്കട്ടെയെന്നാണ് ഡി.എം.കെ സർക്കാറിന്റെ മനസ്സിലിരിപ്പ്. അല്ലാത്തപക്ഷം ടി.വി.കെക്കെതിരെ ഡി.എം.കെ മനഃപൂർവം രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന ആരോപണത്തിന് കാരണമാവും. ബി.ജെ.പി, അണ്ണാ ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഡി.എം.കെക്കെതിരെ തിരിയുകയും ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിജയ് ക്കെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും സഹതാപതരംഗം സൃഷ്ടിക്കുന്നതിന് കാരണമായേക്കുമെന്നും ഡി.എം.കെ കണക്കുകൂട്ടുന്നു. അത്തരമൊരു സാഹചര്യമൊഴിവാക്കാനാണ് സ്റ്റാലിന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.