ചെന്നൈ: രാജാജി അങ്കണത്തിൽ പൊതുദർശനത്തിനുവെച്ച ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയുടെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നതിന് അണമുറിയാത്ത ജനപ്രവാഹം. ദ്രാവിഡ രാഷ്ട്രീയത്തിലെ ഇതിഹാസപുരുഷനായ കലൈജ്ഞറെ അവസാന നോക്ക് കാണാൻ വൻ ജനാവലിയാണ് എത്തിയത്. ചൊവ്വാഴ്ച രാത്രി ഗോപാലപുരം, സി.െഎ.ടി കോളനി വസതികളിലും ആയിരക്കണക്കിന് പ്രവർത്തകർ അന്ത്യാഞ്ജലിയർപ്പിച്ചു. പുലർെച്ച അഞ്ചുമണിയോടെ മൃതദേഹം രാജാജി ഹാളിലെത്തിച്ചു. അപ്പോൾ മുതൽ രാജാജി ഹാളിന് ചുറ്റുമുള്ള റോഡുകളിൽ ജനം ഒഴുകുകയായിരുന്നു. മിക്കപ്പോഴും അണികളുടെ വികാരാവേശം നിയന്ത്രിക്കാൻ പൊലീസിനും പാർട്ടി വളൻറിയർമാർക്കും കഴിഞ്ഞില്ല.
ഉച്ചക്ക് പന്ത്രണ്ടരയോടെ പ്രവർത്തകർ ബാരിക്കേഡുകൾ തട്ടിമാറ്റി മൃതദേഹം വെച്ച ഭാഗത്തേക്ക് പാഞ്ഞുകയറിയത് സ്ഥിതിഗതികൾ തകിടംമറിച്ചു. വി.െഎ.പികൾ കടന്നുവരുന്ന വഴിയിലൂടെ പ്രവർത്തകർ നുഴഞ്ഞുകയറിയതാണ് പ്രശ്നമായത്. കുറച്ച് പൊലീസുകാരെയാണ് അവിടെ നിയോഗിച്ചിരുന്നത്. ഭൂരിഭാഗം നേതാക്കളും അണ്ണാ സമാധിയിലേക്ക് പോയതിനാൽ പ്രവർത്തകരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അണികളുടെ ആവേശം നിയന്ത്രണംവിട്ടതോടെ മൃതദേഹ പേടകം തട്ടിമറിക്കുമെന്ന സ്ഥിതിയായി. നേതാക്കളും കുടുംബാംഗങ്ങളും പേടകം വീഴാതെ പിടിച്ചുനിന്നു. ഇൗ ഘട്ടത്തിലാണ് പൊലീസ് ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിച്ചു. വനിത പൊലീസുകാർ ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകാതെ കൂടുതൽ ദ്രുതകർമസേനയും പൊലീസും സ്ഥലത്തെത്തി. പലപ്പോഴും സ്റ്റാലിൻ ആത്മസംയമനം പാലിക്കാൻ അണികളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനംവരെ രാജാജി ഹാളിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മോദി പോയതോടെ പൊലീസ് സുരക്ഷയിൽ അയവു വരുത്തി. ഉച്ചക്കുശേഷം പ്രമുഖർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും ബുദ്ധിമുട്ടി. മതിയായ സുരക്ഷ ഏർപ്പെടുത്താതെ സംസ്ഥാന സർക്കാർ വൈരം തീർത്തതായി പ്രവർത്തകർ ആരോപിച്ചു. സ്റ്റാലിൻ ഉൾപ്പെടെ നേതാക്കളും കുടുംബാംഗങ്ങളും അസംതൃപ്തി പ്രകടിപ്പിച്ചു.
രാജാജി ഹാളിൽനിന്ന് വൈകീട്ട് നാലിനാണ് മൃതദേഹം പുഷ്പാലംകൃതമായ സൈനികവാഹനത്തിൽ കയറ്റിയത്. അർധസൈനിക വിഭാഗങ്ങളും ദ്രുതകർമസേനയും പൊലീസും വിലാപയാത്രക്ക് സുരക്ഷയൊരുക്കി. ശിവാനന്ദ, വാലാജ റോഡ് വഴി അണ്ണാ സ്ക്വയറിലേക്കുള്ള നാലു കിലോമീറ്റർ ദൂരത്തിൽ വഴിയെങ്ങും നിറഞ്ഞ ജനസഞ്ചയത്തിൽ കരുണാനിധിയുടെ മൃതദേഹം വഹിച്ച വാഹനം ഇേഞ്ചാടിഞ്ചായാണ് നീങ്ങിയത്. സൈനിക വാഹനത്തിന് മുന്നിലായി സ്റ്റാലിനടക്കമുള്ള നേതാക്കൾ നടന്നാണ് അനുഗമിച്ചത്.
പ്രകൃതിയുടെ ദുഃഖം ചാറ്റൽമഴയായി പെയ്തു. ഒരു വിഭാഗം പ്രവർത്തകർ നൂറടി നീളമുള്ള കലൈജ്ഞറുടെ പടം വഹിച്ചാണ് വിലാപയാത്രയിൽ പെങ്കടുത്തത്. റോഡോരത്തുനിന്ന് ജനങ്ങൾ പൂക്കൾ വിതറി ആദരാഞ്ജലികളർപ്പിച്ചു. ആറു മണിയോടെയാണ് വിലാപയാത്ര മറീനയിലെത്തിയത്. കടൽക്കരയിൽ വൻജനാവലിയാണ് കാത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.