ബംഗളൂരു: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിയെ കർണാടക നിയമസഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കി. എം.എൽ.എ സ്ഥാനത്തുനിന്ന് നീക്കുന്നത് സംബന്ധിച്ച് നിയമസഭ വിജ്ഞാപനമിറക്കി. 2016ൽ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ മുൻ മന്ത്രി കൂടിയായ വിനയ് കുൽക്കർണിയെ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി ശിക്ഷിച്ചിരുന്നു.
ശിക്ഷാ കാലാവധി കഴിഞ്ഞ് മോചിതനായി ആറു വർഷത്തേക്കും അയോഗ്യത തുടരും. ധാർവാഡ് മണ്ഡലത്തെയാണ് കുൽക്കർണി പ്രതിനിധീകരിച്ചിരുന്നത്. കുൽക്കർണി അയോഗ്യനായതിനെ തുടർന്ന് ധാർവാഡ് നിയമസഭ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്നും വിജ്ഞാപനത്തിൽ അറിയിച്ചു.
കൊലപാതക കേസിൽ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം എന്നിവയുൾപ്പെടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം കോടതി കുൽക്കർണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഏപ്രിൽ 17ന് കുൽക്കർണിയെയും മറ്റ് 15 പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിലവിൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് കുൽക്കർണി. ശിക്ഷാ വിധി പുറത്തുവന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് അയോഗ്യത സംബന്ധിച്ച് നിയമസഭ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
2016 ജൂൺ 15ന് ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ധാർവാഡിലെ ജിമ്മിൽ വെച്ച് വാടകകൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. അന്ന് മന്ത്രിയായിരുന്ന കുൽക്കർണിയെ പ്രധാന ഗൂഢാലോചനക്കാരനായി പ്രതി ചേർത്തിരുന്നു. ജില്ലയിൽ വളർന്നുവരുന്ന രാഷ്ട്രീയ എതിരാളിയായാണ് ഗൗഡയെ കുൽക്കർണി കണ്ടതെന്നും ഇതേ തുടർന്നാണ് ഗൗഡയെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനാണ് വിനയ് കുൽക്കർണിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞത്. കേസിൽ 2020ൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ശേഷം കുൽക്കർണി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എന്നാൽ വിചാരണക്കിടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കി. പിന്നീട് വിചാരണ കഴിഞ്ഞ ശേഷം 2026 ഫെബ്രുവരിയിൽ സുപ്രീം കോടതിയാണ് കുൽക്കർണിക്ക് ജാമ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.