‘അവനെ ചെരിപ്പൂരി അടിക്കൂ, അണ്ണാ എന്ന് വിളിക്കരുത്’; ബി.ജെ.പി എം.എൽ.എയെ അസഭ്യം പറഞ്ഞ് കർണാടക മന്ത്രി
ബംഗളൂരു: ഭദ്ര ജലസംഭരണിയിൽ നിന്ന് വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക കർഷകരുമായി സംസാരിക്കുന്നതിനിടെ ബി.ജെ.പി എം.എൽ.എയെ അധിക്ഷേപിച്ച് കർണാടക മന്ത്രി. ഹരിഹരയിലെ ബി.ജെ.പി എം.എൽ.എയായ ബി.പി. ഹരീഷിനെയാണ് മന്ത്രി എസ്.എസ്. മല്ലികാർജുൻ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കർണാടകയിലെ ഹരിഹറിൽ പൊതുപരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ തന്നെ കാണാനെത്തിയ കർഷകരോട് സംസാരിക്കവേയാണ് എം.എൽ.എക്കെതിരെ മന്ത്രി മോശം വാക്കുകൾ ഉപയോഗിച്ചത്.
മണ്ഡലത്തിലേക്ക് കൃഷിക്കാവശ്യമായ വെള്ളം വിട്ടു തരണമെന്നായിരുന്നു കർഷകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എയായ ഹരീഷിന് അടുത്തെത്തിയപ്പോൾ മന്ത്രിയോട് പറയാനാണ് പറഞ്ഞതെന്ന് കർഷകർ മന്ത്രി മല്ലികാർജുനെ അറിയിച്ചു. ‘കുടിക്കാൻ വെള്ളമില്ല, കന്നുകാലികൾക്ക് വെള്ളമില്ല. ഞങ്ങൾ ഹരീഷ് അണ്ണനോട് ചോദിച്ചപ്പോൾ അദ്ദേഹം മന്ത്രിയോട് ചോദിക്കാൻ പറഞ്ഞു’ കർഷകർ മല്ലികാർജുനോട് പറഞ്ഞു. ഇതോടെ മന്ത്രി പ്രകോപിതനാകുകയും എം.എൽ.എ ഹരീഷിനെ അസഭ്യം പറയുകയും ചെരിപ്പൂരി അടിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു. എം.എൽ.എയെ അണ്ണാ എന്ന് വിളിച്ച് ബഹുമാനം കാണിക്കരുതെന്നും മന്ത്രി കർഷകരോട് ആവശ്യപ്പെട്ടു.
മന്ത്രിയുടെ പരാമർശത്തിനെതിരെ എം.എൽ.എ ഹരീഷും രംഗത്തെത്തി. കർഷകരുടെ ആശങ്കകൾ കേൾക്കുന്നതിനുപകരം മന്ത്രി തനിക്കെതിരെ മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നുവെന്നും മോശക്കാരനാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരോടുള്ള മോശം പെരുമാറ്റത്തിനും തന്നെ അസഭ്യം പറഞ്ഞതിനും ജനങ്ങൾ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും ഹരിഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.