ബംഗളൂരു: മാണ്ഡ്യയിൽനിന്നുളള ജെ.ഡി-എസിന്റെ മുൻ എം.പി. എൽ.ആർ. ശിവരാമ ഗൗഡ ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞദിവസം ബംഗളൂരുവിലെ ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ, മന്ത്രിമാരായ ഡോ. കെ. സുധാകർ, കെ. ഗോപാലയ്യ എന്നിവർ പങ്കെടുത്തു. രണ്ടു തവണ എം.എൽ.എയായിരുന്ന ശിവരാമ ഗൗഡ മുമ്പ് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം മകൻ ചേതൻ ഗൗഡയും ബി.ജെ.പിയിൽ ചേർന്നു. മുമ്പ് ബംഗളൂരുവിലെ പത്മനാഭ നഗറിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ചേതൻ ഗൗഡ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.1989ലും 1994ലും സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭയിലെത്തി. 2018ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽനിന്ന് ജെ.ഡി-എസ് ടിക്കറ്റിൽ 3,24,943 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ആർ ശിവരാമ ഗൗഡ ബി.ജെ.പിയുടെ ഡോ. സിദ്ധരാമയ്യയെ തോൽപിച്ചിരുന്നു. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശിവരാമ ഗൗഡയെ ജെ.ഡി-എസ് പുറത്താക്കി.
ഇത്തവണ നാഗമംഗല സീറ്റിൽ കണ്ണുവെച്ചാണ് ശിവരാമ ഗൗഡ ബി.ജെ.പിയിൽ ചേക്കേറിയത്. ജെ.ഡി-എസിന്റെ സുരേഷ് ഗൗഡയുടെ സിറ്റിങ് സീറ്റാണിത്. കോൺഗ്രസിന്റെ ചലുവരായ സ്വാമിക്ക് പിന്നിൽ 1915 വോട്ടുമായി മൂന്നാമതായിരുന്നു ബി.ജെ.പി സ്ഥാനാർഥി. ഈ സീറ്റിലേക്ക് ശിവരാമ ഗൗഡയെത്തുമ്പോൾ മണ്ഡലത്തിൽ ത്രികോണ മത്സരം രൂപപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.