ബംഗളൂരു: ലോക്ഡൗണിൽ ബുദ്ധിമുട്ടിയ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്ത മുതിർന്ന ഐ.എ.എസ് ഓഫിസറെ കർണാടക സർക്കാർ ചുമതലയിൽ നിന്ന് മാറ്റി. തൊഴിൽ വകുപ്പ്, ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് പ്രിൻസിപ്പൽ സെക്രട്ടറി ക്യാപ്റ്റൻ മണിവണ്ണനെയാണ് തിങ്കളാഴ്ച വൈകീട്ട് മാറ്റിയത്.
സ്ഥലം മാറ്റം സംബന്ധിച്ച മുന്നറിയിപ്പോ, പുതിയ ചുമതലയെ കുറിച്ചുള്ള വിവരങ്ങളോ ഇദ്ദേഹത്തിന് നൽകിയിട്ടില്ല. ഐ.എ.എസ് ഓഫിസറായ മഹേശ്വർ റാവുവിനെ തൽസ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
രണ്ടുമാസം മുമ്പ് കർണാടകയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ അതിനെതിരെ പോരാടാൻ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി വോളൻറിയർമാരുടെ സംഘത്തെ ക്യാപ്റ്റൻ മണിവണ്ണൻ സജ്ജമാക്കിയിരുന്നു. കോവിഡിനെ കുറിച്ച് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾക്കെതിരെയായിരുന്നു തുടക്കത്തിൽ പ്രവർത്തിച്ചത്. പിന്നീട് ലോക്ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ലോക്ഡൗണിനിടെ തൊഴിൽ നിയമങ്ങളിൽ ഉദാരത വരുത്താൻ തീരുമാനിച്ചപ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾക്കായി മണിവണ്ണൻ വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
ഉത്തർപ്രദേശ് മാതൃകയിൽ ബംഗളൂരുവിലുള്ള തൊഴിലാളി സംഘടനയാണ് ഇദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കത്തെഴുതിയത്. കോവിഡ് കാലത്ത് ശമ്പളം കൊടുക്കാൻ നിർവാഹമില്ലാത്ത തൊഴിലുടമകൾക്കെതിരെ പരാതി നൽകാൻ തൊഴിൽ വകുപ്പ് സെക്രട്ടറി പ്രേരിപ്പിച്ചുവെന്നായിരുന്നു കത്തിലുന്നയിച്ച ആരോപണം. അതേസമയം ഇൻഫർമേഷൻ വകുപ്പിലെ ചുമതലയിൽനിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയോ എന്നതിൽ വ്യക്തയില്ല. സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ബ്രിങ്ബാക് ക്യാപ്റ്റൻ എന്ന ഹാഷ്ടാഗിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.