18ന് താഴെയുള്ള പെൺകുട്ടിയുടെ വിവാഹം ഹിന്ദു നിയമപ്രകാരം ശരിവെച്ച് കർണാടക ഹൈകോടതി

ബംഗളൂരു: വധുവിന് 18 വയസ് തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം നടന്ന വിവാഹം അസാധുവാകില്ലെന്ന് കർണാടക ഹൈകോടതി. നേരത്തെ, ഹിന്ദു വിവാഹ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം വിവാഹം അസാധുവാണെന്ന് കുടുംബകോടതി വിധിച്ചിരുന്നു. എന്നാൽ, ഈ വിധി റദ്ദാക്കിയാണ് ഹൈകോടതിയുടെ ഉത്തരവ്.

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാകുന്ന സാഹചര്യങ്ങളെ കുറിച്ചാണ് 11ാം വകുപ്പ് പറയുന്നതെന്നും, വധുവിന് 18 തികയണമെന്ന് ഈ വകുപ്പിൽ പറയുന്നില്ലെന്നും വിവാഹം സാധുവാക്കിക്കൊണ്ട് ജസ്റ്റിസുമാരായ അലോക് ആരാധെ, എസ്. വിശ്വജിത്ത് ഷെട്ടി എന്നിവർ പറഞ്ഞു. 2015 ജനുവരിയിലെ കുടുംബകോടതി വിധിയാണ് ഇക്കഴിഞ്ഞ 12ന് ഹൈകോടതി റദ്ദാക്കിയത്.

ചെന്നപട്ട്ണ താലൂക്ക് സ്വദേശിയായ ഷീലയാണ് വിവാഹം റദ്ദാക്കിയ കുടുംബകോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്. 2012 ജൂൺ അഞ്ചിന് ഇവർ മഞ്ജുനാഥ് എന്നയാളെ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഷീലയുടെ ജനനതീയതി 1995 സെപ്റ്റംബർ ആറ് ആണെന്നും വിവാഹസമയത്ത് 18 തികഞ്ഞിരുന്നില്ലെന്നും വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടി മഞ്ജുനാഥ് പിന്നീട് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

വിവാഹ സമയത്ത് ഷീലക്ക് 16 വയസും 11 മാസവുമായിരുന്നു പ്രായമെന്ന് കുടുംബകോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹനിയമത്തിലെ അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡിക പ്രകാരം വിവാഹത്തിന് 18 വയസ് വേണമെന്ന് ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. എന്നാൽ, അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡിക, വിവാഹം അസാധുവാകുന്ന സാഹചര്യങ്ങളെ കുറിച്ച് പറയുന്ന 11ാം വകുപ്പിന് ബാധകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിവാഹം ശരിവെച്ചിരിക്കുന്നത്. 

Tags:    
News Summary - Karnataka HC okays marriage of bride aged below 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.