പരിധിയിൽ കവിഞ്ഞ എഥനോൾ കലർത്തുന്നതായി കണ്ടെത്തി; കർണാടകയിൽ പെട്രോൾ പമ്പുകളിൽ പരിശോധന
മംഗളൂരു: മംഗളൂരുവിൽ ഉൾപ്പെടെ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ പെട്രോൾ പമ്പുകളിൽ നടത്തിയ സർവേയിൽ അനുവദനീയമായ 20 ശതമാനം പരിധിയിൽ കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനം വിൽക്കുന്നതായി കണ്ടെത്തി. ഭക്ഷ്യ, സിവിൽ സപ്ലൈസ് വിഭാഗമാണ് സർവേ നടത്തിയത്.
വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 63 പെട്രോൾ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ബംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ നിന്നുള്ള സാമ്പിളുകളിൽ നിശ്ചിത പരിധിയേക്കാൾ ഉയർന്ന എഥനോൾ അളവ് കണ്ടെത്തി. 31.2 ശതമാനം വരെയാണ് മിശ്രിതം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐ.ഒ.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ), ഷെൽ, നയാര എനർജി എന്നിവയുൾപ്പെടെ പ്രമുഖ എണ്ണക്കമ്പനികൾ നടത്തുന്ന ഇന്ധന സ്റ്റേഷനുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.
ഐ.ഒ.സി.എല്ലിലെ ഒരു സാമ്പിളിൽ 31.2 ശതമാനത്തിൽ കൂടുതൽ വരെ എഥനോൾ ഉള്ളടക്കം കാണിച്ചപ്പോൾ രണ്ട് എച്ച്.പി.സി.എൽ സാമ്പിളുകളിൽ 30.5 ശതമാനവും 27 ശതമാനവും, ബി.പി.സി.എൽ സാമ്പിളിൽ 26.5 ശതമാനവും നയാര സാമ്പിളിൽ 26.1 ശതമാനം, ഷെൽ സാമ്പിളിൽ 25.5 ശതമാനം എന്നിങ്ങിനേയും എഥനോൾ കലർത്തിയതായി കണ്ടെത്തി.
എണ്ണ കമ്പനികൾ സഹകരിച്ചില്ലെന്ന് മന്ത്രി
ബംഗളൂരു: വിൽക്കുന്ന ഇന്ധനത്തിലെ എഥനോൾ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായുള്ള അഭ്യർഥനയോട് എണ്ണ കമ്പനികൾ പ്രതികരിച്ചില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി റിസ്വാൻ അർഷദ് പറഞ്ഞു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ സാമ്പിളുകൾ അംഗീകൃത സ്വകാര്യ ലബോറട്ടറിയിൽ അയച്ചാണ് പരിശോധിച്ചത്. പരിശോധന ഫലങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.