ബംഗളൂരു: പോളിങ് ബൂത്തുകളിൽ തിരക്കേറുന്നതിനുമുമ്പ് തന്നെ വോട്ടു രേഖപ്പെടുത്തി സം സ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന 14 ലോ ക്സഭ മണ്ഡലങ്ങളിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാൻഡൽവുഡിലെ താരങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നേരത്തേ എത്തി വോട്ടു ചെയ്തവരിൽ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയും കുടുംബവും പ്രതിരോധ മന്ത്രി നിർമല സീതാരാമെൻറ കുടുംബവുമുണ്ടായ ിരുന്നു. രാവിലെ 9.30ഒാടെ തന്നെ രാമനഗരയിലെ പോളിങ് ബൂത്തിൽ ഭാര്യ അനിത കുമാരസ്വാമി എം.എ ൽ.എക്കും മകൻ നിഖിൽ ഗൗഡക്കുമൊപ്പമെത്തിയാണ് കുമാരസ്വാമി വോട്ടുരേഖപ്പെടുത്തിയത്. മാണ്ഡ്യയിൽ മകെൻറ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം സഖ്യകക്ഷി നേട്ടമുണ്ടാകുമെന്നും പ്രതികരിച്ചു.
ബംഗളൂരു സൗത്ത് മണ്ഡലത്തിൽ ഉൾപ്പെട്ട ജയനഗറിലെ 54ാം ബൂത്തിലെത്തിയാണ് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വോട്ടു രേഖപ്പെടുത്തിയത്. ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പ്രകാശ് രാജും സ്വന്തം മണ്ഡലത്തിൽ തന്നെ രാവിലെെയത്തി വോട്ടുരേഖപ്പെടുത്തി. സ്വതന്ത്ര സ്ഥാനാർഥിയും നടിയുമായി സുമലത മാണ്ഡ്യയിൽ വോട്ടു രേഖപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ബംഗളൂരു മേഖലയിലൊഴികെ മറ്റെല്ലായിടത്തും മികച്ച പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കുപ്രകാരം, വൈകീട്ട് അഞ്ചുവരെ 61.94 ശതമാനമാണ് പോളിങ്. തീരമേഖലയായ ദക്ഷിണ കന്നടയിലാണ് ഉയർന്ന പോളിങ്- 72.97 ശതമാനം. ഇത്തവണയും ബംഗളൂരു നഗരമേഖലയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. ബംഗളൂരു നോർത്ത് (48.19), ബംഗളൂരു സൗത്ത് (49.36), ബംഗളൂരു സെൻട്രൽ (45.34) എന്നിങ്ങനെയാണ് പോളിങ് ശതമാനം. ജെ.ഡി-എസ് സ്ഥാനാർഥികൾ മത്സരിക്കുന്ന ഉഡുപ്പി-ചിക്കമഗളൂരു, മാണ്ഡ്യ, ഹാസൻ, തുമകുരു എന്നിവിടങ്ങളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് ദിവസം ട്വിറ്ററിലൂടെ വോട്ടഭ്യർഥിച്ച ബംഗളൂരു സൗത്തിലെ ബി.ജെ.പി സ്ഥാനാർഥി തേജസ്വി സൂര്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു. വോട്ടുചെയ്തശേഷം, റെക്കോഡ് ചെയ്ത വിഡിയോയിൽ നരേന്ദ്ര മോദിക്കും പുതിയ ഇന്ത്യക്കും വേണ്ടി വോട്ടുചെയ്യണമെന്ന് തേജസ്വി അഭ്യർഥിച്ചു. ചൂടൻപോരാട്ടം നടക്കുന്ന മാണ്ഡ്യയിൽ ജെ.ഡി-എസ് സ്ഥാനാർഥി നിഖിലിെൻറയും സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷിെൻറയും അനുയായികൾ തമ്മിൽ സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തിവീശി. ബംഗളൂരു സൗത്ത്, നോർത്ത് നഗരത്തിലെ രണ്ടു ബൂത്തുകളിൽ ബൂത്ത് ഒാഫിസർമാർ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്യാൻ നിർദേശിച്ചതായി പരാതിയുയർന്നു. 362 സ്ഥാനാർഥികളാണ് വ്യാഴാഴ്ച ജനവിധി തേടിയത്. കർണാടകയിലെ ബാക്കി 14 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
ഹാസനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.ഡി. രേവണ്ണ, മകനും സ്ഥാനാർഥിയുമായ പ്രജ്ജ്വൽ രേവണ്ണ എന്നിവരും തുമകുരുവിലെ കൊരട്ടകരെയിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ഭാര്യ കന്നിക പരമേശ്വരിയും വോട്ടുചെയ്തു. ഹാസനിൽ മുൻ പ്രധാനമന്ത്രിയും തുമകുരു മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർഥിയുമായ എച്ച്.ഡി. ദേവഗൗഡ ഭാര്യക്കൊപ്പമെത്തിയാണ് വോട്ടു ചെയ്തത്. സഖ്യസർക്കാറിലെ ഏകോപന സമിതി അധ്യക്ഷനും കോൺഗ്രസ് നിയമസഭ കക്ഷിനേതാവുമായ സിദ്ധരാമയ്യയും മകൻ യതീന്ദ്രയും മൈസൂരുവിലും സമ്മതിദാനവകാശം വിനിയോഗിച്ചു.
കനക്പുര താലൂക്കിലെ ദൊഡ്ഡ ഹലഹള്ളിയിലായിരുന്നു മന്ത്രി ഡി.കെ. ശിവകുമാറിെൻറ വോട്ട്. പരിസ്ഥിതി പ്രവർത്തക സാലുമാരദ തിമ്മക്ക 107ാം വയസ്സിലും ബംഗളൂരു റൂറൽ മണ്ഡലത്തിലെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം അനിൽ കുംബ്ലെ, കന്നട സൂപ്പർ സ്റ്റാർ യാഷ്, ദർശൻ, ഉപേന്ദ്ര, രമേശ് അരവിന്ദ്, നടി പ്രണിത സുഭാഷ്, ശുഭ പുഞ്ച, നടൻ കിച്ച സുദീപ് തുടങ്ങിയവരും വിവിധയിടങ്ങളിൽ വോട്ടു രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.