വീരേന്ദ്ര
അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കർണാടക കോൺഗ്രസ് എം.എൽ.എ കെ.സി. വീരേന്ദ്ര അറസ്റ്റിലായി . സിക്കിമിലെ ഗാങ്ടോക്കിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ എം.എൽ.എയാണ്.
വീരേന്ദ്രയുടെ ബംഗളൂരുവിലെ വീട്ടിൽനിന്ന് പന്ത്രണ്ട് കോടിരൂപയുടെ നോട്ടുകെട്ടുകളാണ് പൊലീസും ഇഡിയും കണ്ടെത്തിയത്. രാത്രി മുതൽ പുലർച്ചെവരെ നീണ്ട പരിശോധനയിൽ ആറുകോടിയുടെ സ്വർണവും പത്തുകിലോ വെള്ളിയും കണ്ടെടുത്തു. പതിനേഴ് വിദേശബാങ്കുകളിലെ അനധികൃത വിദേശനിക്ഷേപം തെളിയിക്കുന്ന പാസ് ബുക്കുകളും കണ്ടെത്തിയതിൽപെടുന്നു.
രണ്ട് അനധികൃത ലോക്കറുകളും വിവിധ രേഖകളും പിടിച്ചെടുത്തവയിലുണ്ട്. എം.എൽ.എയുമായി ബന്ധപ്പെട്ട് ബംഗളൂരു, ഗോവ, മുംബൈ അടക്കമുള്ള മുപ്പത്തിയൊന്ന് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച കോടികളുടെ സമ്പാദ്യമാണ് കണ്ടെത്തിയത്. കണ്ടെടുത്ത 12 കോടിയിൽ ഒരുകോടി വിദേശ കറൻസിയാണ്.
എം.എൽ.എയുടെ ബംഗളൂരുവിലെ വീട്ടിൽനിന്ന് നാലു കാറുകളടക്കം പിടിച്ചിട്ടുണ്ട്. അനധികൃതമായ ഓൺ ലൈൻ ചൂതാട്ടകേന്ദ്രം ലീസിനെടുക്കാനായി സിക്കിമിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. നിരവധി അനധികൃത ഓൺലൈൻ, ഓഫ് ലൈൻ ചൂതാട്ടകേന്ദ്രങ്ങൾ വീരേന്ദ്ര നടത്തിയിരുന്നതായും ഇഡി പറയുന്നു. പല പേരുകളിൽ പലസ്ഥലങ്ങളിലും ചൂതാട്ടകേന്ദ്രങ്ങളുണ്ടെന്നും ദുബൈയിൽ പോലും ഇത്തരം ചൂതാട്ടകേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ചൂതാട്ടകേന്ദ്രങ്ങളിൽ എം.എൽ.എ യുടെ സഹോദരന്റെ ഇടപെടലും നടന്നിട്ടുള്ളതായും ഇഡി വ്യക്തമാക്കി. സിക്കിമിലെ കോടതിയിൽ ഹാജരാക്കിയ എം.എൽ.എയെ ഗാങ്ടോക്കിൽ നിന്നും ബംഗളൂരുവിലേക്ക് കൊണ്ടുവരികയാണെന്നും ഇഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.