കർണാടക: കരുതലോടെ കോൺഗ്രസും ബി.ജെ.പിയും ജെ.ഡി-എസും

ബംഗളൂരു: കർണാടകയിൽ സർവകാല റെക്കോഡോടെ അവസാനിച്ച പോളിങ്ങിന്റെ ഫലം ശനിയാഴ്ച പുറത്തുവരാനിരിക്കെ രാഷ്ട്രീയ അണിയറ നീക്കം സജീവം. ബുധനാഴ്ച രാത്രി വൈകിയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രകാരം 73.19 ശതമാനമാണ് കർണാടകയിലെ പോളിങ്. ഉയർന്ന പോളിങ് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. പ്രധാന എക്സിറ്റ് പോളുകളിലെല്ലാം ഭരണകക്ഷിയായ ബി.ജെ.പി പിറകിലാണ്.

എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്നും കോൺഗ്രസ് 141 സീറ്റ് നേടുമെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.​കെ. ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എക്സിറ്റ് പോൾ ഫലംതള്ളിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി.ജെ.പി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, പ്രചാരണ സമയത്ത് പ്രകടിപ്പിച്ച ആത്മവിശ്വാസം ജെ.ഡി-എസിന് ചോർന്നിട്ടുണ്ട്.

കോൺഗ്രസ് ഒറ്റക്ക് അധികാരത്തിലേറുകയോ ആർക്കും കേവല ഭൂരിപക്ഷം നേടാനാകാതെ തൂക്കു മന്ത്രിസഭ രൂപപ്പെടുകയോ ചെയ്യാനുള്ള സാധ്യതകളാണ് കൂടുതൽ. ഇത്തരമൊരു സാഹചര്യത്തെ നേരിടാൻ കോൺഗ്രസും ബി.ജെ.പിയും ജെ.ഡി-എസും ഒരുപോലെ കരുനീക്കുകയാണ്. ജെ.ഡി-എസുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാറും ബൊമ്മൈയും പ്രതികരിച്ചിരുന്നു. സഖ്യസർക്കാറുകൾ കർണാടകയിൽ സമാധാനമായി കാലാവധി പൂർത്തിയാക്കിയ ചരിത്രമില്ല. തൂക്കു മന്ത്രിസഭയായാൽ കോൺഗ്രസും ബി.ജെ.പിയും ലക്ഷ്യമിടുക ജെ.ഡി-എസ് സ്ഥാനാർഥികളെയാവും.

2018ൽ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി, കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാറിലെ 17 എം.എൽ.എമാരെ കളംമാറ്റിയ ഓപറേഷൻ താമരയിലൂടെയാണ് അധികാരം പിടിച്ചത്. ഇവരിൽ 13 പേരെ ഉപ തെരഞ്ഞെടുപ്പിനിറക്കി 12 പേരെ വിജയിപ്പി​ച്ച ബി.ജെ.പി എല്ലാവർക്കും മന്ത്രി സ്ഥാനവും നൽകി.

ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ ബി.ജെ.പി പതിവുതന്ത്രം പയറ്റും. എന്നാൽ, കോൺഗ്രസ് മറുതന്ത്രമായി ‘ഓപറേഷൻ ഹസ്ത’ക്കും പദ്ധതിയിട്ടിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പിയിൽനിന്നും ജെ.ഡി-എസിൽനിന്നും ജയസാധ്യതയുള്ള ചില നേതാക്കളുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ടെന്ന് ഖാർഗെ പറയുന്നു.

ജെ.ഡി-എസുമായി സഖ്യത്തിനേക്കാൾ എളുപ്പം എതിർപാർട്ടികളിൽനിന്ന് നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതാണെന്ന് ബി.ജെ.പിയും കോൺഗ്രസും കരുതുന്നതിനാൽ ഇരുപാർട്ടികളുടെയും പൊതുലക്ഷ്യം ജെ.ഡി-എസാവും. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രണ്ടു ദേശീയ പാർട്ടികളും ജെ.ഡി-എസിനെ തകർക്കാൻ ശ്രമിക്കുമെന്നാണ് എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചത്.

തങ്ങളുടെ നേതാക്കളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കുമെന്നും തൂക്കുസഭ വന്നാൽ ജെ.ഡി-എസില്ലാതെ ആരും ഭരണത്തിലേറില്ലെന്ന് ഉറപ്പുവരുത്തുമെന്നും കുമാരസ്വാമി പറയുന്നു. അതേസമയം, വോട്ടെടുപ്പിന് പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയി. 2018ലെ തെരഞ്ഞെടുപ്പിലും പോളിങ് അവസാനിച്ചശേഷം അദ്ദേഹം സിംഗപ്പൂരിലേക്ക് വിമാനം കയറിയിരുന്നു. ചികിത്സക്കായാണ് യാത്രയെന്നാണ് വിശദീകരണം.

Tags:    
News Summary - Karnataka,: Congress, BJP and JD-S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.