ഡി.കെ മന്ത്രിസഭയിൽ ഒമ്പത് സിദ്ധരാമയ്യപക്ഷക്കാർ, മകനും കാബിനറ്റ് പദവി; വിപുലീകരണം രണ്ട് ഘട്ടങ്ങളായി

ബെംഗളൂരു: അധികാര കൈമാറ്റം നടക്കുന്ന കർണാടകയിൽ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. യതീന്ദ്ര അടക്കം സിദ്ധരാമയ്യ പക്ഷത്ത് നിന്ന് ഒമ്പതു പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവുമെന്നാണ് സൂചന. കെ.പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ബുധനാഴ്ച വൈകീട്ട് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 18 ആയിരിക്കും രണ്ടാംഘട്ട വിപുലീകരണം.

മുഖ്യമന്ത്രി അടക്കം 34 പേരാണ് മന്ത്രിസഭയിൽ ഉണ്ടാവുക. യുവാക്കൾക്കും മന്ത്രിസഭയിൽ ഇടം നൽകാനാണ് പാർട്ടി നീക്കം. തന്റെ പക്ഷത്തു നിന്ന് ഒമ്പതു എം.എൽ.എമാരുടെ പേരാണ് സിദ്ധരാമയ്യ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഇതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാൻ സാധ്യതയില്ല. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിൽ അന്തിമ ധാരണയിൽ എത്തുന്നതിന് ഇരു നേതാക്കളും ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കാണും.

അതേസമയം ഹൈക്കമാൻഡ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. "ഞാൻ പ്രതീക്ഷയിലാണ്. കർണാടക മന്ത്രിസഭയിൽ പാർട്ടി ഹൈക്കമാൻഡ് എനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്. കെ.പി.സി.സി. സ്ഥാനത്തെക്കുറിച്ച് എനിക്കറിയില്ല. കെ.പി.സി.സി. സ്ഥാനം ഹൈക്കമാൻഡ് ഇതുവരെ തീരുമാനിച്ചതായി എനിക്കറിയില്ല," അദ്ദേഹം പറഞ്ഞു. നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമാണ് യതീന്ദ്ര സിദ്ധരാമയ്യ. മറ്റൊരു കോൺഗ്രസ് എംഎൽഎയായ ബസവരാജ് ശിവണ്ണവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.

ശിവകുമാറിനൊപ്പം ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒന്നിലധികം ഉപമുഖ്യമന്ത്രി ഫോർമുലയ്ക്ക് കോൺഗ്രസ് തയ്യാറാകുമെന്നാണ് സൂചന. ഒരു ദലിത് നേതാവിനെയും ന്യൂനപക്ഷ സമുദായ നേതാവിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. മുനിയപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദലിത് നേതാക്കൾ ദേശീയ നേതാക്കൾക്കുമുന്നിൽ പ്രതിഷേധിച്ചിരുന്നു.

ബുധനാഴ്ച അധികാരമേൽക്കാനിരിക്കെ മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായ സംഘടനകളും ചരടുവലികൾ ഊർജിതമാക്കിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പാർട്ടി നൽകിയിരിക്കുന്ന ഓഫർ എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Tags:    
News Summary - Karnataka cabinet expansion in two phases, nine Siddaramaiah loyalists to get ministerial berths: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.