77 മുസ്ലിം സമുദായങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി പശ്ചിമബംഗാളിൽ ഒ.ബി.സി ഭേദഗതി ബിൽ പാസാക്കി

കൊൽക്കത്ത: ഒ.ബി.സി സംവരണ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനും, 2024 മെയ് മാസത്തിൽ കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് ഒ.ബി.സി പട്ടികയിൽ നിന്ന് വിവിധ മുസ്ലിം സമുദായങ്ങളെ നീക്കം ചെയ്യുന്നതിനുമുള്ള രണ്ട് ഭേദഗതി ബില്ലുകൾ പശ്ചിമ ബംഗാൾ നിയമസഭ തിങ്കളാഴ്ച പാസാക്കി. ഈ ഭേദഗതികളിലൂടെ ഒ.ബി.സി സംവരണ ക്വാട്ട 10 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറക്കുകയും ഒ.ബി.സി വിഭാഗങ്ങളെ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, പശ്ചിമ ബംഗാൾ ബാക്ക്വേർഡ് ക്ലാസസ് കമീഷനുമായി ബന്ധപ്പെട്ട 1993-ലെ നിയമത്തിലും ഭേദഗതി വരുത്തി.

ഈ മാറ്റങ്ങൾ മെയ് മാസത്തിൽ തന്നെ ബി.ജെ.പി സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും, നിയമഭേദഗതി ഇപ്പോൾ മാത്രമാണ് നടപ്പിലാക്കുന്നത്. പിന്നാക്ക വിഭാഗ വികസന മന്ത്രി ഗൗരിശങ്കർ ഘോഷാണ് 'പശ്ചിമ ബംഗാൾ ബാക്ക്വേർഡ് ക്ലാസസ് (ഷെഡ്യൂൾഡ് കാസ്റ്റുകളും ഷെഡ്യൂൾഡ് ട്രൈബുകളും ഒഴികെയുള്ളവ) റിസർവേഷൻ ഓഫ് വാക്കൻസീസ് ഇൻ സർവീസസ് ആൻഡ് പോസ്റ്റ്സ് (ഭേദഗതി) ബിൽ, 2026', 'പശ്ചിമ ബംഗാൾ കമീഷൻ ഫോർ ബാക്ക്വേർഡ് ക്ലാസസ് (ഭേദഗതി) ബിൽ, 2026' എന്നിവ നിയമസഭയിൽ അവതരിപ്പിച്ചത്.

മാറ്റം എന്ത്?

ബംഗാളിൽ ആദ്യമായി അധികാരത്തിൽ വന്നതിന് ശേഷം മെയ് മാസത്തിൽ, തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് 77 മുസ്ലിം സമുദായങ്ങൾക്ക് നൽകിയിരുന്ന ഒ.ബി.സി പദവി ബി.ജെ.പി സർക്കാർ റദ്ദാക്കുകയും എല്ലാ ഒ.ബി.സികൾക്കുമുള്ള സംവരണ ക്വാട്ട 7 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു. രണ്ട് വർഷം മുൻപ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഈ നടപടി. ജസ്റ്റിസുമാരായ തബ്രത ചക്രവർത്തി, രാജശേഖർ മന്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് 2024 മെയ് 22-ന് പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ട് മെയ് 18-നാണ് സുവേന്ദു അധികാരി സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

പുതിയ ഒ.ബി.സി പട്ടികയിൽ ജോള (അൻസാരി മോമിൻ), ഫക്കീർ, പഹാഡിയ മുസ്ലിം, ഹജ്ജാം (മുസ്ലിം), ചൗദുലി (മുസ്ലിം) തുടങ്ങിയ ചില മുസ്ലിം സമുദായങ്ങളെ നിലനിർത്തിയിട്ടുണ്ട്. എന്നാൽ മുസ്ലിം നെഹാരിയ, മുസ്ലിം ഹൽദാർ, മുസ്ലിം സാൻപുയി, മുസ്ലിം മാലി, ഘോസി (മുസ്ലിം), മുസ്ലിം ദർജി/ ഒസ്താഗർ/ ഇദ്രീസി, മുസ്ലിം രാജ്മിസ്ത്രി, മുസ്ലിം ബതിയാര, മുസ്ലിം മൊല്ല, ധാലി (മുസ്ലിം) തുടങ്ങി 77 സമുദായങ്ങളെ ഒഴിവാക്കി.

2010 മുതൽ 2020 വരെയുള്ള കാലയളവിൽ മൂന്ന് വ്യക്തികളും 'ആത്മദീപ്' എന്ന മനുഷ്യാവകാശ സംഘടനയും നൽകിയ ഹരജികളിൽ പലതവണ വാദം കേട്ട ശേഷമാണ് 2024 മെയ് മാസത്തിൽ ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം 2011 മുതൽ സാമ്പത്തിക സ്ഥിതി വിലയിരുത്താതെ ഒ.ബി.സി-എ, ഒ.ബി.സി-ബി വിഭാഗങ്ങളിൽ ഒട്ടേറെ സമുദായങ്ങളെ ഉൾപ്പെടുത്തിയെന്ന് ഹരജിക്കാർ ആരോപിച്ചിരുന്നു.

Tags:    
News Summary - westbengal obc amendment bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.