ലഖ്നോ: കാൺപൂരിലെ സ്കൂളിലെ രക്ഷിതാക്കളുടെ യോഗത്തിൽ മുസ്‍ലിം സ്ത്രീകൾ ബുർഖ ധരിച്ചെത്തിയത് വിവാദം സൃഷ്ടിച്ചു.യു.പിയിൽ ഐ ലവ് മുഹമ്മദ് വിവാദങ്ങൾക്കിടെയാണ് പുതിയ സംഭവം.കാൺപൂരിലെ സ്കൂളിൽ പാരന്റ്സ് മീറ്റിങ്ങിൽ പങ്കെടുക്കുന്ന സ്ത്രീകൾ ബുർഖ ധരിക്കുന്നത് വിലക്കിയിരുന്നു. മുഖാവരണം ധരിച്ചെത്തുന്നവരെ വിലക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഉത്തരവിൽ പ്രതിഷേധിച്ച് ബുർഖ ധരിച്ചാണ് മുസ്‍ലിം സ്ത്രീകൾ യോഗത്തിന് എത്തിയത്.
സംഭവത്തെ കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ബുർഖ ധരിച്ച ആരെയും സ്കൂളിലേക്ക് പ്രവേശിപ്പിക്കില്ല എന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. ഇതുസംബന്ധിച്ച് നേരത്തേ ഉത്തരവിറക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുറത്തുള്ള ചില വിദ്യാർഥികളും സംഭവസ്ഥലത്തെത്തി. അതും സംഘർഷത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.
കാൺപൂരിലെ ഓം പൂർവയിലുള്ള ന്യൂ വിഷൻ സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ബുർഖ ധരിച്ച് മീറ്റിങ്ങിൽ വരരുതെന്ന് രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ നിർദേശം നൽകിയത്. മീറ്റിങ്ങിന് വരുന്ന ഒരു രക്ഷിതാവും മുഖാവരണം ധരിക്കരുത്. മുഖാവരണം ധരിച്ച് വരുന്നവർ മീറ്റിങ്ങിന് മുമ്പായി മാറ്റണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ബുർഖ ധരിച്ച് വന്നവരെ നിയമലംഘനമാണെന്ന് പറഞ്ഞ് വിലക്കുകയായിരുന്നു. ഇത്തരമൊരു നിയമം നീതീകരിക്കാനാവാത്തതാണെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികൾ വഷളാകുമെന്ന് കണ്ടതോടെ സ്കൂൾ പ്രിൻസിപ്പലും ഇടപെട്ടു. സ്കൂളിന് ഒരു നിയമമുണ്ടെന്നും അതാണ് നടപ്പാക്കാൻ ശ്രമിച്ചതെന്നും അക്കാര്യത്തിൽ വിവാദം കൊണ്ടുവരേണ്ട കാര്യമില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഈ സ്കൂളിൽ ഇഷ്ടം പോലെ മുസ്‍ലിം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മുഖാവരണം ധരിക്കുന്ന പെൺകുട്ടികൾക്ക് അത് ക്ലാസ് നടക്കുന്ന സമയങ്ങളിൽ ഒഴിവാക്കാനായി പ്രത്യേകം മുറിയും അനുവദിച്ചിട്ടുണ്ട്. ഇവിടെ രണ്ട് മുസ്‍ലിം അധ്യാപികരും പഠിപ്പിക്കുന്നുണ്ട്. അവരും ക്ലാസുകളിലെത്തുന്നത് ബുർഖ ധരിക്കാതെയാണെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
തുല്യാനുപാതത്തിലാണ് ഹിന്ദു-മുസ്‍ലിം വിദ്യാർഥികൾ ഉള്ളതെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു. സ്കൂളിലെ നിയമത്തെ ചൊല്ലി ഇതുവരെ ഒരുതരത്തിലുള്ള തർക്കവും ഉണ്ടായിട്ടില്ല. ചിലയാളുകൾ മനപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.