ടി.വി ചാനലുകളിലെ 'കങ്കാരു കോടതികൾ' രാജ്യത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ

റാഞ്ചി: അജണ്ട നിശ്ചയിച്ചുള്ള മാധ്യമചർച്ചകളും സ്വന്തം നിലക്കുള്ള വിചാരണയും (കങ്കാരു കോടതി) ജനാധിപത്യത്തിന് അപകടമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ ബാധിക്കുന്നു. കേസുകളിൽ തീരുമാനമെടുക്കുന്നതിൽ മാധ്യമ വിചാരണ കാരണമാകരുത്. പരിണിതപ്രജ്ഞരായ ജഡ്ജിമാർ ചില വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടി നിൽക്കുമ്പോൾ മാധ്യമങ്ങൾ 'കങ്കാരു കോടതി'കളുമായി മുന്നോട്ടുപോവുകയാണ്.

മാധ്യമങ്ങളുടെ മുൻധാരണയോടെയുള്ള സമീപനം ജനങ്ങളെ ബാധിക്കുന്നുണ്ട്. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. വ്യവസ്ഥക്കാകെ ദോഷമാകുന്നു. ഇത് നീതി നടപ്പാക്കുന്നതിന് തടസ്സമാകുന്നു. അതിരുകടന്നുള്ള നടപടിയും ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യത്തെ രണ്ടടി പിന്നോട്ടുവലിക്കുന്നു. ജസ്റ്റിസ് സത്യബ്രത സിൻഹയുടെ സ്മരണാർഥമുള്ള പ്രഥമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും വിശ്വാസ്യതയുണ്ടെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഇത് ഒട്ടുമില്ല. അവർ കാണിക്കുന്നത് വായുവിൽ അലിഞ്ഞുപോവുകയാണ്. ചില സമയങ്ങളിൽ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിൽ ജഡ്ജിമാർക്കെതിരെ സംഘടിത കാമ്പയിനുകളുണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മൂലം കർശന മാധ്യമനിയന്ത്രണം വേണമെന്ന ആവശ്യമുണ്ട്. മാധ്യമങ്ങൾ സ്വയം വിലയിരുത്തി, സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്.

വെറുതെ കടന്നുകയറി, കോടതിയുടെയും സർക്കാറിന്റെയും ഇടപെടൽ ക്ഷണിച്ചുവരുത്തരുത്. ജഡ്ജിമാർ ഉടൻ പ്രതികരണത്തിന് തയാറാകണമെന്നില്ല. അത് അവരുടെ ബലഹീനതയോ നിസ്സഹായതയോ ആയി കാണേണ്ട. മാധ്യമങ്ങൾ-പ്രത്യേകിച്ച് ഇലക്ട്രോണിക്, സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. തങ്ങളുടെ കൈയിലുള്ള അധികാരം ജനങ്ങളെ വിവരങ്ങൾ അറിയിക്കാനും രാജ്യപുരോഗതിക്കുമായി ഉപയോഗിക്കണം.

നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തണം. ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. രാഷ്ട്രീയക്കാരനാകണമെന്ന് അതീവ താൽപര്യമുണ്ടായിരുന്നെങ്കിലും വിധി മറ്റൊന്നായെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനെന്ന നിലയിൽ നല്ല പ്രാക്ടീസ് ലഭിച്ചിരുന്ന സമയത്താണ് ജഡ്ജി നിയമനം ലഭിക്കുന്നത്. അതികഠിനമായി അധ്വാനിച്ച് നേടിയ ഒന്നിനെ മറ്റൊന്നിനുവേണ്ടി ഉപേക്ഷിക്കൽ അത്ര എളുപ്പമായിരുന്നില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

കങ്കാരു കോടതി
ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലനിൽക്കുകയും തോന്നുംപടി ശിക്ഷാവിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് 'കങ്കാരു കോടതി' എന്നു വിളിക്കുന്നത്. നിയമ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിചാരണ പോലുള്ള കാര്യങ്ങൾ ഇതിലുണ്ടാകണമെന്നില്ല. പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്നു. 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. 
Tags:    
News Summary - Kangaroo courts on TV debates and social media were taking the country backwards, Chief Justice NV Ramana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.