യു.പിയിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് രാജസ്ഥാനിലെത്തിയതെന്ന് കഫീൽ ഖാൻ

ജയ്പുര്‍: അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ഡോ.കഫീല്‍ ഖാന്‍ സുരക്ഷിതതാവളം തേടി കുടുംബത്തോടൊപ്പം ജയ്പൂരിലെത്തി. ഉത്തർപ്രദേശിൽ നിന്നാൽ വീണ്ടും ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യ നാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമാണ് ഉത്തർപ്രദേശ് വിട്ട് രാജസ്ഥാനിലെത്തിയതെന്നും ഡോ. കഫീൽ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ ജയ്പൂരിലേക്ക് താമസം മാറിയതെന്നും കഫീല്‍ ഖാന്‍ അറിയിച്ചു. 'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. നിങ്ങള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്നും ഉറപ്പ് നൽകി. യു.പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യു.പിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' കഫീല്‍ ഖാന്‍ പറഞ്ഞു.

'പ്രിയങ്കാ ഗാന്ധി എന്നെ ഒരുപാട് സഹായിച്ചു. കോൺഗ്രസ് സർക്കാർ രാജസ്ഥാൻ ഭരിക്കുന്നിടത്തോളം ഇവിടെ ഞാനും കുടുംബവും സുരക്ഷിതരാണ്. കഴിഞ്ഞ ഏഴര മാസമായി മാനസികമായും ശാരീരികമായും ഞാൻ അത്രയേറെ പീഡിപ്പിക്കപ്പെട്ടു.' കഫീല്‍ ഖാന്‍ പറഞ്ഞു.

എന്തായാലും സർക്കാരിനെതിരെ സംസാരിക്കാൻ ഞാൻ ഒരുക്കമല്ല. ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍റെ മുഖ്യമന്ത്രിക്ക് ഞാൻ കത്തയക്കും. കോവിഡ് പ്രതിസന്ധി സാഹചര്യത്തിൽ എന്‍റെ സംസ്ഥാനത്തെ സേവിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഡോ. കഫീൽ ഖാൻ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.