ഹൈദരാബാദ്: തെലങ്കാന നിയമസഭയിലെ തന്‍റെ അവസാന പ്രസംഗത്തിൽ വികാരാധീനയായി കെ. കവിത. താൻ നേതൃത്വം നൽകുന്ന തെലങ്കാന ജാഗ്രതിയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുമെന്നും അവർ പ്രഖ്യാപിച്ചു.
ബി.ആർ.എസ് പാർട്ടിയിൽ താൻ കടുത്ത അപമാനം നേരിട്ടതായി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകൾ കുറ്റപ്പെടുത്തി. സസ്‌പെൻഡ് ചെയ്യപ്പെട്ടതിനെത്തുടർന്ന് പാർട്ടി അംഗത്വം രാജിവെച്ച കവിത കഴിഞ്ഞ സെപ്റ്റംബറിൽ നിയമസഭാംഗത്വവും രാജിവെച്ചിരുന്നു. സഭയിലെ അവരുടെ അവസാന പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
‘‘നമ്മുടെ സംസ്ഥാനത്തേക്ക് പുതിയ രാഷ്ട്രീയ ശക്തി കടന്നുവരുകയാണ്. വിദ്യാർഥികളും തൊഴിലില്ലാത്തവരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കുമായി ആ പാർട്ടി പ്രവർത്തിക്കും’’-കവിത പറഞ്ഞു. തെലങ്കാന ജാഗ്രതി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
തന്റെ പിതാവ് കെ.സി.ആറിന് ചുറ്റുമുള്ളവർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തന്നെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി ഒടുവിൽ പുറത്താക്കിയെന്നും കുറ്റപ്പെടുത്തി. ബി.ആർ.എസിലെ പിളർപ്പിൽനിന്ന് മുതലെടുക്കാൻ ഭരണകക്ഷിയായ കോൺഗ്രസ് ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
‘‘പാർട്ടി എന്നെ പൂർണമായി അപമാനിച്ചു. ഇ.ഡിയും സി.ബി.ഐയും വേട്ടയാടിയപ്പോൾ പാർട്ടി എന്റെ കൂടെ നിന്നില്ല’’-ഡൽഹി മദ്യനയ കേസിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതിനെ പരാമർശിച്ച് കവിത പറഞ്ഞു. കെ.സി.ആറിനെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ബി.ജെ.പി തന്നെ അറസ്റ്റ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.