കെ. കവിത ഇ.ഡിക്ക് മുന്നിൽ

ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഡൽഹി മദ്യനയ കേസിലാണ് കെ. കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനവും നൽകിയിട്ടുണ്ട്. മന്ത്രിയും സഹോദരനുമായ കെ.ടി രാമറാവു ഇന്നലെ ഡൽഹിയിലെത്തിയിരുന്നു.

തുഗ്ലക് റോഡിലെ വസതിയിൽനിന്ന് എ.പി.ജെ അബ്ദുൽ കലാം റോഡിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ 11 ഓടെയാണ് അവർ എത്തിയത്. പ്രതിഷേധം ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് ഇ.ഡി ഓഫീസ് പരിസരത്ത് ഡൽഹി പൊലീസും കേന്ദ്ര അർദ്ധസൈനിക സേനാംഗങ്ങളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബി.ആർ.എസ് നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുകയാണെന്ന് കെ. ചന്ദ്രശേഖർ റാവു പ്രതികരിച്ചു. കവിതയെ ചോദ്യം ചെയ്ത ശേഷം ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. അവർ അവളെ അറസ്റ്റ് ചെയ്യട്ടെ, പക്ഷേ അത് ഞങ്ങളുടെ മനോവീര്യം കെടുത്തില്ല -അദ്ദേഹം പറഞ്ഞു.

ഡൽഹി മദ്യനയ കേസിൽ രണ്ടു ദിവസം മുമ്പ് തന്നെ കവിതയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ, വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച നിരാഹാര സമരം ചൂണ്ടിക്കാട്ടി, ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിവെക്കാൻ കവിത ആവശ്യപ്പെടുകയായിരുന്നു.

കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനും ഇ.ഡി അടക്കം ഏജൻസികൾക്കുമെതിരെ കവിത രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. എവിടെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണെങ്കിലും അവിടെ മോദിക്ക് മുമ്പേ ഇ.ഡി എത്തുമെന്നായിരുന്നു വിമർശനം.

Tags:    
News Summary - K Kavitha appears before ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.