യാൻതുംഗോ പാറ്റൺ
ന്യൂഡൽഹി: നാഗാലാൻഡ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യാൻതുംഗോ പാറ്റണിന്റെ ഭീഷണിക്ക് പിന്നാലെ, മണിപ്പൂരിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. ശനിയാഴ്ച ലൈയ് ഗ്രാമത്തിൽ പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഹോൺബിൽ ടി.വിയിലെ റിപ്പോർട്ടർ ദീപ് സൈകിയക്ക് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അസം അതിർത്തിയിൽ തർക്കം നിലനിൽക്കുന്ന പ്രദേശമായ റെങ്മ വനമേഖലയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ, യാൻതുംഗോ പാറ്റൺ പ്രാദേശിക എം.എൽ.എയായിരുന്ന അച്ചുമെംബോ കിക്കോണിനെ സന്ദർശിച്ചില്ലെന്ന ഗ്രാമവാസികളുടെ ആരോപണം ഹോൺബിൽ ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈകിയക്കെതിരെ പാറ്റൺ ഭീഷണി മുഴക്കിയിരുന്നത്. പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണ് നടന്നതെന്ന് ഹോൺബിൽ ടി.വി പറഞ്ഞു. കൊഹിമ പ്രസ് ക്ലബ്, മൊകോക്ചുങ് പ്രസ് ക്ലബ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി സംഘടനകൾ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.