ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും സിപിഎമ്മിനെയും ആശയപരമായി താന്‍ എതിര്‍ക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എം.പി. ആർ.എസ്.എസിനെയും സി.പി.എമ്മിനെയും സമീകരിച്ച് പ്രസ്താവന നടത്താൻ ഒരു കോൺഗ്രസ് നേതാവിന് എങ്ങിനെയാണ് കഴിയുകയെന്നത് അദ്ഭുതപ്പെടുത്തുകയും അന്ധാളിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. ആർ.എസ്.എസിനെ പ്രതിരോധിക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും അണിനിരക്കേണ്ട സമയത്താണ് ആ പ്രസ്താവന. കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ വഴിതെറ്റിക്കുന്നതെന്നാണ് എന്റെ ബലമായ സംശയം. പ്രസ്താവന നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വ്യക്തമായ ദാര്‍ശനിക തലം നല്‍കുന്നതിന് യെച്ചൂരി നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഒന്ന് കേട്ടുനോക്കൂ. അദ്ദേഹവുമായുള്ള അടുപ്പവും സൗഹൃദവും പറയുന്നുണ്ട്. മുൻകാലങ്ങളിൽ ആർ.എസ്.എസിനെ അനുകരിച്ച് താനും പൂണൂലിട്ട ബ്രാഹ്മണനാണ് എന്നു പറഞ്ഞു നടന്ന കാലം രാഹുല്‍ഗാന്ധിക്ക് ഉണ്ടായിരുന്നു. അതിൽനിന്ന് അദ്ദേഹത്തെ ശക്തനായ മതനിരപേക്ഷ പോരാളിയാക്കി മാറ്റുന്നതിൽ സഖാവ് സീതാറാം യെച്ചൂരിയുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടാകും. അതല്ലെങ്കിൽ അദ്ദേഹം പഴയത് പോലെ ‘ഞാൻ ഒരു പൂണൂൽധാരി ബ്രാഹ്മണനാണ്’ എന്ന് പറഞ്ഞ് നടക്കേണ്ടതല്ലേ?’ -ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
‘കേരളത്തിലെ നേതാക്കൾ രാഹുല്‍ ഗാന്ധിയെ പിടിച്ചുകൊണ്ടുവന്ന് വയനാട്ടില്‍ മത്സരിപ്പിച്ചു. ആര്‍എസ്എസിനെ നേരിടാനുള്ള യുദ്ധ പോര്‍ക്കളമെന്ന് പറയുന്നത് കേരളമാണെന്നുള്ള ഒരു തെറ്റിദ്ധാരണ അദ്ദേഹത്തില്‍ സൃഷ്ടിച്ചു. അതിന് ശേഷം അദ്ദേഹത്തിന്റെ സഹോദരിയെ കൊണ്ടുവന്ന് അവിടെ മത്സരിപ്പിച്ചു. ഇത്രയൊക്കെ ചെയ്ത ശേഷം സി.പി.എമ്മിനെയും ആർ.എസ്.എസിനെയും താരതമ്യപ്പെടുത്തി ഒരുപ്രസ്താവന നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതും ഇൻഡ്യ സഖ്യം യോഗം ഇന്ന് ചേരുന്നതിനിടെയാണിത്.
കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. അവിടെ ഇരുപക്ഷത്തിന്റെയും പ്രധാന ശത്രു ഇടതുപക്ഷമാണ്. ഞങ്ങളിവിടെ ഡൽഹിയിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്തുവരാറില്ല. കേരളത്തിലെ പൊളിറ്റിക്സ് അവിടെ നടക്കട്ടെ. പക്ഷേ, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ ഇതുപോലെയുള്ള ദാരുണമായ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിവിടേണ്ടതുണ്ടോ? അദ്ദേഹമല്ലേ ഇന്ത്യയിലെ മതേതര കക്ഷികളെ നയിക്കാൻ വേണ്ടിയുള്ള തലം ഒരുക്കേണ്ടയാൾ. അദ്ദേഹത്തെ കൊണ്ട് തന്നെ ഈ ചുടുചോർ കോരിക്കേണ്ട ആവശ്യമുണ്ടോ? കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഹുല്‍ ഗാന്ധിയെ ഒരു സിപിഎം വിരുദ്ധനാക്കി നിര്‍ത്തണമെന്നാണ് ആഗ്രഹം. രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവാണെന്നും പ്രധാനപ്പെട്ട ദൗത്യം ഫാഷിസ്റ്റ് ശക്തികളില്‍ നിന്ന് ഇന്ത്യയെ മോചിപിക്കുന്നതിന് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹത്തെ ഓര്‍മിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ മടിക്കുകയാണ്. ആ കാര്യം മറന്നുകളയാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് -ബ്രിട്ടാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.