ന്യൂഡൽഹി: മുഗൾ ചക്രവർത്തിയായ അക്ബറും രജപുത്ര രാജകുമാരിയായ ജോധാ ബായിയും തമ്മിലുള്ള വിവാഹം കെട്ടിച്ചമച്ച ചരിത്രമാണെന്ന് രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗഡെ. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം മൂലം കൊണ്ടുവന്ന നിരവധി ചരിത്രപരമായ കൃത്യതയില്ലായ്മകളിൽ ഒന്നാണിതെന്നും രാജസ്ഥാൻ ഗവർണർ പറഞ്ഞു. ഉദയ്പൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്.
അക്ബറിന്‍റെ ഭരണകാലത്തെ ഔദ്യോഗിക ചരിത്ര ഗ്രന്ഥമായ അക്ബർനാമയിൽ ജോധയുടെയും അക്ബറിന്‍റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ലെന്ന് ഗവർണർ വാദിക്കുന്നു. ജോധയും അക്ബറും വിവാഹിതരായി എന്ന് പറയപ്പെടുന്നു. ഈ കഥയെക്കുറിച്ച് ഒരു സിനിമയും നിർമ്മിച്ചു. ചരിത്രപുസ്തകങ്ങൾ ഇതുതന്നെ പറയുന്നു. പക്ഷേ അത് ഒരു നുണയാണ്... ബർമൽ എന്നൊരു രാജാവുണ്ടായിരുന്നു, അയാൾ ഒരു വേലക്കാരിയുടെ മകളെ അക്ബറിനു വിവാഹം കഴിപ്പിച്ചു കൊടുത്തു.
ബ്രിട്ടീഷുകാർ നമ്മുടെ വീരനായകന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവർ അത് ശരിയായി എഴുതിയില്ല. അവരുടെ ചരിത്ര നിർമിതി തുടക്കത്തിൽ അംഗീകരിക്കപ്പെട്ടു. പിന്നീട്, ചില ഇന്ത്യക്കാർ ചരിത്രം എഴുതിയെങ്കിലും അതും ബ്രിട്ടീഷുകാരുടെ സ്വാധീനത്തിലായിരുന്നു -ഗവർണർ കുറ്റപ്പെടുത്തി. രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് ഒരു ഉടമ്പടി കത്തെഴുതി എന്ന ചരിത്രത്തെ വസ്തുതയെയും അദ്ദേഹം എതിർത്തു. മഹാറാണ പ്രതാപ് ഒരിക്കലും തന്‍റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അക്ബറിനെക്കുറിച്ച് കൂടുതലും മഹാറാണ പ്രതാപിനെക്കുറിച്ച് കുറച്ചുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1562ലാണ് അക്ബർ ആമേറിലെ (ഇന്നത്തെ ജയ്പൂർ) രാജാ ബർമ്മലിന്‍റെ മകളെ വിവാഹം കഴിച്ചത്. അവർ പിന്നീട് ജഹാംഗീറിന്‍റെ അമ്മയാകുകയും മുഗൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായി അവർ മാറുകയും ചെയ്തു. മുഗൾ സാമ്രാജ്യത്തെ ശക്തിപ്പെടുത്താൻ സഹായിച്ച മുഗളരും രജപുത്രരും തമ്മിലുള്ള രാഷ്ട്രീയ സഖ്യമായാണ് പല ചരിത്രകാരന്മാരും ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.