ബംഗളൂരു: കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ മകൾ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ കരണത്തടിച്ചു. തുമകൂരു റൂറൽ എം.എൽ.എ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാണ്ഡ്യ വനിത സ്റ്റേഷനിലെ എസ്.ഐ സവിത പാട്ടീലിന്‍റെ മുഖത്തടിച്ചത്.
ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സവിതയെ എം.എൽ.എയുടെ മകൾ മർദിക്കുന്നത്. കഴിഞ്ഞ 12ന് രാത്രി 8.15ഓടെ ക്ഷേത്രപരിസരത്താണ് സംഭവം നടക്കുന്നത്. ഐശ്വര്യ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി വനിത എസ്.ഐ പരാതി നൽകി. ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഐശ്വര്യയെ അകത്തേക്ക് കടത്തിവിടാൻ വൈകിയതിൽ രോഷാകുലയായാണ് അവർ ഈ സമയം സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ കൈയേറ്റം ചെയ്തത്.
എസ്.ഐയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്യാതനഹള്ളി പൊലീസ് എം.എൽ.എയുടെ മകൾക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഐശ്വര്യയെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല, നോട്ടീസും നൽകിയിട്ടില്ല. അതേസമയം, സംഭവത്തിൽ മാപ്പു ചോദിച്ച എം.എൽ.എ, പൊലീസ് ഉദ്യോഗസ്ഥ തന്റെ മകളെ അസഭ്യം പറഞ്ഞതായും ആരോപിക്കുന്നു.
തന്‍റെ മകൾ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചെങ്കിലും നൽകിയില്ല. ഇതിനിടെ, ഒരു പൊലീസ് ഉദ്യോഗസ്ഥന് അകത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകി. അകത്തേക്ക് പ്രവേശിക്കാൻ മകൾ വീണ്ടും അനുവാദം ചോദിച്ചെങ്കിലും സമ്മതിച്ചില്ല. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മകളെ അസഭ്യം പറഞ്ഞു. ഇത് വാക്കേറ്റത്തിന് കാരണമായി. എന്നാൽ, മകൾ ഉദ്യോഗസ്ഥയെ തല്ലുന്നതിന്റെ വിഡിയോ കണ്ടിട്ടില്ല. സംഭവത്തിൽ മാപ്പ് ചോദിക്കുന്നു, അതിൽ ഖേദിക്കുന്നതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.