70 ലക്ഷം നൽകി യാത്ര, ഒടുവിൽ ക്രൂരമർദ്ദനവും; ‘ഡോങ്കി റൂട്ട്’ വഴി മെക്സിക്കോയിലെത്തിയ പഞ്ചാബി യുവാവ് നേരിട്ടത് നരകതുല്യജീവിതം

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ജോലി തേടി അനധികൃത കുടിയേറ്റ പാതയായ ‘ഡോങ്കി റൂട്ട്’ വഴി മെക്സിക്കോയിലെത്തി അവിടെ ദുരിതത്തിലായ പഞ്ചാബി യുവാവിന്റെ കരച്ചിലോടെയുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. തനിക്ക് നേരിട്ട ക്രൂരമർദ്ദനത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചും വെളിപ്പെടുത്തുന്ന 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ചയാണ് പുറത്തുവന്നത്.

മുറിയിലെ കട്ടിലിൽ കിടക്കുന്ന രീതിയിലാണ് വീഡിയോയിൽ യുവാവുള്ളത്. കൈകൂപ്പി അപേക്ഷിച്ചുകൊണ്ട് മറ്റാരും ഈ അനധികൃത മാർഗ്ഗത്തിലൂടെ മെക്സിക്കോയിലേക്ക് വന്ന് അബദ്ധത്തിൽ ചാടരുതെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

അനധികൃത ഏജന്റുമാരുടെ ശൃംഖലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് തനിക്ക് അതിക്രൂരമായ മർദ്ദനമേറ്റുവെന്ന് യുവാവ് വെളിപ്പെടുത്തുന്നു. നടക്കാൻ പോലും കഴിയാത്തവിധമാണ് പീഡനത്തിനിരയായത്.

വീഡിയോ പകർത്തുന്ന വ്യക്തിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്, തങ്ങളെ ഇവിടെ എത്തിച്ചത് ഇതേ വ്യക്തിയാണെന്ന് യുവാവ് പറയുന്നു. സുരക്ഷിതമായി വിദേശത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു.

താൻ വലിയൊരു അബദ്ധമാണ് ചെയ്തതെന്നും അതിനുള്ള വില ഇതിനകം കൊടുത്തുതീർത്തിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ആരും ഈ നെറ്റ്‌വർക്കുകളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന യുവാവ്, അവസാനം കൈകൂപ്പി മാപ്പഭ്യർഥിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

‘ഇന്ത്യൻ സിഖ് യുവാവിനോട് മെക്സിക്കോയിൽ കാണിക്കുന്ന നീചമായ പെരുമാറ്റം’ എന്ന അടിക്കുപ്പിയോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരത്തിൽ ഡോങ്കി റൂട്ട് വഴി എത്തിയ നിരവധി യുവാക്കൾ മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷക്കായി പ്രാർത്ഥിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു.

എന്താണ് ‘ഡോങ്കിറൂട്ടും’ അതിനു പിന്നിലെ യാഥാർഥ്യങ്ങളും?

അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് ഒന്നിലധികം ട്രാൻസിറ്റ് രാജ്യങ്ങൾ വഴി പ്രവേശിക്കാൻ അനധികൃതമായി ഉപയോഗിക്കുന്ന കുടിയേറ്റ ശൃംഖലയാണ് ‘ഡോങ്കി റൂട്ട്’.

20 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാണ് ഈ യാത്രക്കായി ഈടാക്കുന്നത്. ഗഡുക്കളായാണ് പണം നൽകുന്നത്.

സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുമെങ്കിലും കുടിയേറ്റക്കാർക്ക് ചൂഷണം, അക്രമം, കവർച്ച, തടങ്കൽ, ജീവന് ഭീഷണി തുടങ്ങിയ ഭീകരമായ അവസ്ഥകളാണ് നേരിടേണ്ടിവരുന്നത്.

വിദ്യാഭ്യാസമില്ലായ്മ, ഭാഷാ തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം പഠന-ജോലി വിസകൾ പോലുള്ള നിയമപരമായ കുടിയേറ്റ മാർഗ്ഗങ്ങൾ ലഭിക്കാത്തവരാണ് ഇത്തരം അനധികൃത വഴികൾ തേടാൻ നിർബന്ധിതരാകുന്നത്. സമീപകാലത്തായി പഞ്ചാബിൽനിന്ന് നിരവധി യുവാക്കളാണ് മികച്ച അവസരങ്ങൾ തേടി ഈ അപകടം പിടിച്ച പാതയിലൂടെ വിദേശത്തേക്ക് പോകുന്നത്.

Tags:    
News Summary - 'Donkey Route' Torture Video Of Punjabi Youth Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.