ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ എ.ബി.വി.പി സംഘടിപ്പിച്ച തിരംഗ റാലി വിവാദമാകുന്നു. റാലിയിൽ നിരവധി വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുകയുണ്ടായി. റാലിക്ക് തൊട്ടുമുമ്പ്, എ.ബി.വി.പി റാലിയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ ജമ്മുകശ്മീർ ഭരണകൂടം പൂഞ്ച് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി)രംഗത്തെത്തി.
എ.ബി.വി.പിയുടെ പ്രത്യയ ശാസ്ത്ര പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും നാഷനൽകോൺഫറൻസ് നിർബന്ധിച്ചുവെന്നും വിദ്യാഭ്യാസത്തെ പ്രചാരണായുധമാക്കി മാറ്റിയെന്നും പി.ഡി.പി വിമർശിച്ചു. ഉത്തരവ് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും പി.ഡി.പി പ്രതികരിച്ചു.പൂഞ്ച് ജില്ലയിലെ ആദിവാസി വിദ്യാർഥി സംഘടനയും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയായതിനു ശേഷം ബി.ജെ.പിയുമായി ഉമർ അബ്ദുല്ല ബി.ജെ.പിയുമായി കൂട്ടുകൂടുന്നു എന്ന ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണീ സംഭവം. ജനുവരി 23ന് നടന്ന എ.ബി.വി.പി യുടെ തിരംഗ റാലിയിൽ പങ്കെടുക്കാൻ രണ്ട് അധ്യാപകർക്കൊപ്പം 40മുതൽ 50വരെ വിദ്യാർഥികളെ അയക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് സർക്കാർ അയച്ച കത്തിലുള്ള നിർദേശം. റാലിക്ക് അനുമതി ആവശ്യപ്പെട്ട് നേരത്തേ എ.ബി.വി.പി കൺവീനർ കനവ് ബാലി ജില്ലാ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ജനുവരി 22ന് ഏഴ് ഉപാധികളോടെ റാലിക്ക് അനുമതിയും നൽകി. പൊതുസമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും റാലിയിൽ പാടില്ലെന്നായിരുന്നു പ്രധാന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.