ഉമർ അബ്ദുല്ല

പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ; പ്രഖ്യാപനവുമായി ഉമർ അബ്ദുല്ല

ജമ്മു: പാകിസ്താന്‍റെ ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രഖ്യാപിച്ചു. മേയ് ഏഴിന് പുലർച്ചെ പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമണം നടത്തിയ ശേഷം കശ്മീരിൽ പാകിസ്താന്‍റെ ഭാഗത്തുനിന്ന് വ്യാപക ഷെല്ലാക്രമണമാണ് നടന്നത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ 20 പേരാണ് പാക് ആക്രമണത്തിൽ മരിച്ചത്. ഇതിൽ ഒരാൾ സർക്കാർ ജീവനക്കാരനും മറ്റ് 19 പേർ ഗ്രാമീണരുമാണ്. പൂഞ്ച്, രജൗറി, ജമ്മു, ബാരാമുല്ല എന്നിവിടങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ മറ്റ് രണ്ട് നാട്ടുകാർക്കൊപ്പം രജൗറിയിലാണ് കൊല്ലപ്പെട്ടത്.

അതേസമയം ഉദംപൂർ, പത്താൻകോട്ട്, ബത്തിൻഡ തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടും പാകിസ്താൻ ആക്രമണം നടത്തിയെന്ന് പ്രതിരോധ, വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭൂരിപക്ഷം ആക്രമണങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ചില വ്യോമതാവളങ്ങൾക്ക് നേരിയ കേടുപാടുണ്ടായെന്നും വാർത്തസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

പാകിസ്താൻ ആക്രമണങ്ങളെ തുടർന്ന് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. പാകിസ്താൻ തുടർച്ചയായി നുണപ്രചാരണം തുടരുകയാണെന്നും വാർത്താസമ്മേളനത്തിൽ ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന വ്യാജ പ്രചാരണമാണ് പാകിസ്താൻ നടത്തുന്നത്.

ഇന്ത്യയുടെ വ്യോമതാവളങ്ങളും സൈനിക താവളങ്ങളും സുരക്ഷിതമാണ്. പവർ ഗ്രിഡുകൾക്കും ഒരു പോറൽ പോലും ഏറ്റിട്ടില്ല. ഭിന്നിപ്പ് ലക്ഷ്യമിട്ട് മതകേന്ദ്രങ്ങൾ ആക്രമിക്കുന്നത് പാകിസ്താൻ തുടരുകയാണെന്നും സംയുക്ത വാർത്തസമ്മേളനത്തിൽ സൈനിക പ്രതിനിധികൾ പറഞ്ഞു.

Tags:    
News Summary - JK CM announces ex-gratia of Rs 10 lakh each for kin of Pak shelling victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.