മതം, രാഷ്ട്രീയം: കോടതിവിധി ദുരുപയോഗത്തിന് സാധ്യതയെന്ന് ജമാഅത്തെ ഇസ് ലാമി

ന്യൂഡല്‍ഹി: മതത്തിന്‍െറയും ജാതിയുടെയും പേരിലുള്ള വോട്ടുപിടിത്തം വിലക്കിയ സുപ്രീംകോടതി വിധി ഒരു വിഭാഗത്തിന് നേരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ ജലാലുദ്ദീന്‍ ഉമരി. മതം, ജാതി, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമം തടയേണ്ടതുതന്നെയാണ്.

എന്നാല്‍, സുപ്രീംകോടതി ഉത്തരവ് 95ലെ സുപ്രീംകോടതി വിധിയുമായി ഒത്തുപോകുന്നില്ല. ഹിന്ദുത്വം മതമല്ളെന്നും മറിച്ച് ഒരു ജീവിതരീതിയാണെന്നുമാണ് 95ല്‍ സുപ്രീംകോടതി വിധിച്ചത്. ഹിന്ദുത്വ അജണ്ടയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടികള്‍ മതത്തിന്‍െറ പേരില്‍ പ്രചാരണം നടത്തിയാലും 95ലെ ഉത്തരവ് അവര്‍ക്ക് കവചമായി മാറും.
 
അതേസമയം, മറ്റുള്ളവര്‍ക്കെതിരെ മതം പ്രചാരണ വിഷയമാക്കിയെന്ന ആക്ഷേപം ഉന്നയിച്ച് നിയമനടപടി സ്വീകരിക്കാന്‍ ഭരണപക്ഷത്തിന് സാധിക്കുകയും ചെയ്യും. കാരണം, ഒരു വിഭാഗത്തിന്‍െറ ന്യായമായ ആവശ്യങ്ങളും മതപരമായും ജാതീയമായും അനുഭവിക്കുന്ന വിവേചനവും അസമത്വവും തെരഞ്ഞെടുപ്പ് വേദികളില്‍ ഉന്നയിക്കുന്നതുപോലും മതത്തിന്‍െറയും ജാതിയുടെയും ഇടപെടലായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ല. ഇത്തരം ആശങ്കകള്‍ സുപ്രീംകോടതി പരിഗണിക്കണം. മതം മുന്നോട്ടുവെക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വേളകളിലും പ്രസക്തിയുണ്ടെന്നും ജമാഅത്ത് അമീര്‍ ചൂണ്ടിക്കാട്ടി.
 
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ ഇതര വിഭാഗങ്ങള്‍ ഒരുമിച്ചുനില്‍ക്കണം. അതിനായുള്ള ശ്രമങ്ങള്‍ ജമാഅത്ത് നടത്തുന്നുണ്ട്. നോട്ട് നിരോധനത്തിന്‍െറ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി പലിശരഹിത കാര്‍ഷിക വായ്പ പോലുള്ള കുടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കണം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ശത്രുസ്വത്ത് ബില്‍ ഭേദഗതി ജനാധിപത്യവിരുദ്ധമാണ്. പാകിസ്താനിലേക്കും മറ്റും പോയവരുടെ പിന്മുറക്കാര്‍ക്ക് പൂര്‍വികരുടെ സ്വത്തിലുള്ള അവകാശം ഏകപക്ഷീയമായി സര്‍ക്കാര്‍ കൈക്കലാക്കുന്നതാണ് ഭേദഗതി. കോടതികളിലുള്ള കേസ് പോലും വകവെക്കാതെയാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അമീര്‍ പറഞ്ഞു.

 

Tags:    
News Summary - jih

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.