ഝാർഖണ്ഡിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകന്റെ പേരിൽ യു.എ.പി.എ ചുമത്തി

പാട്ന: ഝാർഖണ്ഡ്‌ പൊലീസ് അറസ്റ്റ് ചെയ്ത സ്വതന്ത്രമാധ്യമപ്രവർത്തകന്റെ പേരിൽ യു.എ.പി.എ ചുമത്തി. ഞായറാഴ്ചയാണ് മാധ്യമ​പ്രവർത്തകനായ രൂപേഷ് കുമാർ സിങിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുമ്പ് ഒമ്പതു മണിക്കൂറിനുശേഷം പൊലീസ് ഇദ്ദേഹത്തിന്റെ രാമഗഡിലെ വസതിയിൽ തിരച്ചിൽ നടത്തിയതായി കുടുംബാംഗങ്ങൾ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ 5.25നാണ് പൊലീസ് വീട്ടിലെത്തിയതെന്ന് സിങിന്റെ ഭാര്യ ഇപ്സ ശതാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ''വാതിലിൽ ശക്തിയായ മുട്ടു കേട്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് പൊലീസുകാരെയാണ്. അവർ വാറന്റുണ്ടെന്ന് ഞങ്ങളെ അറിയിച്ചു. പൊലീസുമായി ഞങ്ങൾ പൂർണമായി സഹകരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘമാണ് സിങിന്റെ വീട്ടിലെത്തിയത്. രണ്ട് വനിത പൊലീസുകാർ അടുക്കളയിൽ തിരച്ചിൽ നടത്തി. അരിയും മാവും എല്ലാം അവർ പരിശോധിച്ചു. ഒമ്പതു മണിക്കൂറോളം അവർപരിശോധന നടത്തി. അറസ്റ്റിനു തൊട്ടുമുമ്പ് മാത്രമാണ് വാറന്റുണ്ടെന്ന് ഞങ്ങൾക്ക് കാണിച്ചു തന്നത്''- ശതാക്ഷി തുടർന്നു.

സിങ്ങിന്റെ വീട്ടിൽ നിന്ന് ബെഡ് ഷീറ്റും ഒമ്പതു പേജുള്ള നോട്ടുപുസ്തകവും മോട്ടോർ സൈക്കിളിന്റെ നികുതി നോട്ടീസും, രണ്ട് മൊബൈൽ ഫോണുകളും, ഒരു ഹാർഡ് ഡിസ്കും രണ്ടു ലാപ്ടോപ്പുകളും കാറിന്റെ ബില്ലും പൊലീസ് പിടിച്ചെടുത്തു. ആദ്യം സാധാരണ രീതിയിലായിരുന്നു തെരച്ചിൽ. പെട്ടെന്ന് പൊലീസുകാർക്ക് ഫോൺ കോൾ വന്നു. അതിനു ശേഷം ഞങ്ങളെ പുറത്താക്കി വാതിലടച്ച ശേഷമായിരുന്നു പരിശോധന. ബെഡ്ഷീറ്റ് തനിക്ക് ഇഷ്ടപ്പെട്ടതിനാൽ കൊണ്ടുപോകുന്നുവെന്നാണ് വീട്ടുകാരോട് ഡി.വൈ.എസ്.പി പറഞ്ഞത്.

മാവോവാദി നേതാവായ പ്രശാന്ത് ബോസ്, ഭാര്യ ഷീല മറന്ദി, ഗുരുചരൺ ബോദ്ര, രാജു തുഡു, കൃഷ്ണ ബഹങ്ദ, ബിരേ​ന്ദ്ര ഹാൻഡ്സ എന്നിവർക്കെതിരായ അതേ എഫ്​.ഐ.ആർ നമ്പറാണ് സിങ്ങിനെതിരായ കേസ് ഫയലിലുമുള്ളത്. 2021 നവംബറിലാണ് ഇവ​രെ അറസ്റ്റ് ചെയ്തത്.

2012 മുതൽ സ്വതന്ത്രമാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്ന രൂപേഷ് സിങ്(37) ആദിവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോളജ് പഠനകാലത്ത് സി.പി.ഐ(ലെനിനിസ്റ്റ്)യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

2014ൽ വിവാഹ ശേഷമാണ് രാമഗഡിലേക്ക് താമസം മാറിയത്. മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് സിങിനെ 2019ൽ ഗയ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാറിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അവകാ​ശപ്പെട്ടു. ആ സമയത്തും അദ്ദേഹത്തിനെതിരെ യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. വ്യാജകുറ്റം കെട്ടിച്ചമച്ചാണ് അറസ്റ്റെന്നാണ് സിങ്ങിന്റെ കുടുംബത്തിന്റെ ആരോപണം. പൊലീസ് തന്നെയാണ് കേസ് ബലപ്പെടുത്താൻ കാറിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുവച്ചതെന്ന് സിങ് വെളിപ്പെടുത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.