ന്യൂഡൽഹി: ബിഹാറിൽ ആർ.ജെ.ഡി നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻ.ഡി.എ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തി രണ്ടുമാസം പിന്നിടുമ്പോൾ ഇരുമുന്നണികളിലെയും ചില എം.എൽ.എമാരുടെ കൂറുമാറ്റ ചർച്ച സജീവം.
243 അംഗ നിയമസഭയിൽ 202 സീറ്റ് എൻ.ഡി.എ കരസ്ഥമാക്കിയപ്പോൾ പ്രതിപക്ഷ സഖ്യത്തിന് 35 സീറ്റിൽ ഒതുങ്ങേണ്ടി വന്നിരുന്നു. ഇതിൽ കോൺഗ്രസിന് ലഭിച്ച ആറ് എം.എൽ.എമാരും പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽനിന്ന് മുങ്ങിയതോടെ ജെ.ഡി.യുവിലേക്ക് മാറാനുള്ള ചർച്ച നടത്തുന്നതായാണ് അഭ്യൂഹം.
ഈ നീക്കം യാഥാർഥ്യമായാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യം ഇല്ലാതാവും. ആറ് കോൺഗ്രസ് എം.എൽ.എമാർ കൂറുമാറിയാൽ, നിലവിൽ 85 സീറ്റുകളുള്ള ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ഇതോടെ 89 സീറ്റുകളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ബി.ജെ.പിക്ക് നഷ്ടമാകും. ഇത് ഒഴിവാക്കാൻ സ്വന്തം സഖ്യത്തിലെ ഘടകകക്ഷിയായ ഉപേന്ദ്ര കുഷ്വാഹയുടെ ആർ.എം.എല്ലിന്റെ നാല് എം.എൽ.എമാരിൽ മൂന്നുപേരെയും അടർത്തിയെടുത്ത് അംഗബലം കൂട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മൂന്ന് എം.എൽ.എമാരും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് സൂചന.
കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയുടെ നിലവിലെ സ്ഥിതിയിലും പ്രവർത്തനത്തിലും അതൃപ്തരാണെന്നും, അവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങൾക്കൊപ്പം ചേരുമെന്നുമാണ് ജെ.ഡി.യു അവകാശപ്പെടുന്നത്.
കോൺഗ്രസ് എം.എൽ.എമാർ ഏതാനും ദിവസങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെ ജനുവരി എട്ടിന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ രണ്ട് എം.എൽ.എമാരും മകരസംക്രാന്തിക്ക് സംഘടിപ്പിച്ച ദഹി ചൗറ പരിപാടിയിൽ ആറുപേരും പങ്കെടുത്തില്ല.
എന്നാൽ, എം.എൽ.എമാർ എങ്ങോട്ടും പോകില്ലെന്നും നിയോജക മണ്ഡലങ്ങളിലായിരുന്നതിനാലാണ് അവർ പാർട്ടി പരിപാടികളിൽ എത്താതിരുന്നതെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. പാർട്ടി പ്രതിഷേധ പരിപാടികളിൽനിന്ന് ജനശ്രദ്ധ മാറ്റാൻ എൻ.ഡി.എ നടത്തുന്ന തന്ത്രമാണിതെന്നും ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഷാനവാസ് ആലം പറഞ്ഞു.
അതേസമയം, എൻ.ഡി.എ സഖ്യത്തിലുള്ള ആർ.എം.എല്ലിന്റെ നാല് എം.എൽ.എമാരിൽ മൂന്നു പേരും അസംതൃപ്തരാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. നാലാമത്തെ എം.എൽ.എ പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കുഷ്വാഹയുടെ ഭാര്യ സ്നേഹലതയാണ്. സഭയിൽ അംഗമല്ലാത്ത മകൻ ദീപക്കിനെ മന്ത്രിസഭയിലേക്ക് നാമനിർദേശം ചെയ്ത പാർട്ടി അധ്യക്ഷന്റെ തീരുമാനമാണ് മൂന്നുപേരെ പ്രകോപിപ്പിച്ചതെന്നാണ് വിശദീകരണം.
പുറത്താക്കിയ മകന്റെ മകരസംക്രാന്തി പരിപാടിയിൽ ലാലു
ന്യൂഡൽഹി: ആർ.ജെ.ഡിയിൽനിന്ന് കഴിഞ്ഞ മേയിൽ പുറത്താക്കിയ തേജ് പ്രതാപ് യാദവ് മകര സംക്രാന്തിക്ക് പട്നയിൽ സംഘടിപ്പിച്ച ദഹി ചൗറ പരിപാടിയിൽ പിതാവ് ലാലു പ്രസാദ് യാദവ് പങ്കെടുത്തത് അനുരഞ്ജന നീക്കത്തിന്റെ ഭാഗമെന്ന് സൂചന. ജനശക്തി ജനതാ ദൾ എന്ന പാർട്ടി രൂപവത്കരിച്ച തേജ് പ്രതാപ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിഹ്ന എന്നിവരും ചില മന്ത്രിമാരും പങ്കെടുത്തു. എന്നാൽ, അപ്രതീക്ഷിതമായി ഇവരോടൊപ്പം ലാലു പ്രസാദ് യാദവ് പങ്കെടുത്തതാണ് കൗതുകമായത്. മകനുമായുള്ള അനുരഞ്ജന നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ ചിലർ കാണുന്നത്. എന്നാൽ, പ്രതിപക്ഷ നേതാവായ സഹോദരൻ തേജസ്വി യാദവ് ചടങ്ങിൽ പങ്കെടുത്തില്ല.
തേജ് പ്രതാപ് യാദവിനെ ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് ബി.ജെ.പി നാമനിർദേശം ചെയ്തേക്കുമെന്നാണ് ഊഹാപോഹം. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിൽ ഉയർച്ചയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും തന്റെ പിതാവ് പ്രധാനമന്ത്രി ആകാൻ ആഗ്രഹമുള്ളതായി പറയുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.