15,500 അടി ഉയരം, ചെങ്കുത്തായ കയറ്റവും ഇടുങ്ങിയ പാറക്കെട്ടുകളും; നെഹ്റുവിന്റെ അസാധാരണ ഭൂട്ടാൻ സന്ദർശനം ഓർമിപ്പിച്ച് ജയറാം രമേശ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാലയൻ രാജ്യം സന്ദർശിച്ച ദിവസം, ഒരു ഗതാഗത സൗകര്യവുമില്ലാതെ 67 വർഷം മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് നടത്തിയ ‘ഒരു അസാധാരണ യാത്ര’ ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

‘പ്രധാനമന്ത്രി ഇന്ന് ഭൂട്ടാനിലാണ്. അറുപത്തിയേഴ് വർഷങ്ങൾക്കു മുമ്പ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഭൂട്ടാൻ സന്ദർശിച്ചത് അസാധാരണമായിരുന്നു’ എന്ന് രമേശ് ‘എക്സി’ലെ ഒരു പോസ്റ്റിൽ എഴുതി.

‘69 വയസ്സ് തികയാൻ പോകുന്ന ഒരു പ്രധാനമന്ത്രിയുടെ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയുള്ള അസാധാരണമായ സന്ദർശനം’ എന്നാണ് രമേശ് ഇതിനെ വിശേഷിപ്പിച്ചത്. ഏഴു പതിറ്റാണ്ടുകളായി ഭൂട്ടാനും ഇന്ത്യയും പുലർത്തുന്ന പ്രത്യേക ബന്ധത്തിന്റെ ഗതി നിർണ്ണയിക്കുകയയിരുന്നു ആ കഠിനമായ യാത്ര എന്നും രമേശ് കൂട്ടിച്ചേർത്തു.

മകൾ ഇന്ദിരാഗാന്ധി, മുതിർന്ന ഉദ്യോഗസ്ഥരായ ജഗത് മേത്ത, നാരി റുസ്തംജി, അപ പന്ത് എന്നിവരോടൊപ്പം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആദ്യം ബാഗ്‌ദോഗ്രയിലേക്ക് പറന്നു. തുടർന്ന് പുതുതായി നിർമിച്ച ഒരു റോഡിലൂടെ ഗാങ്‌ടോക്ക് വഴി നാഥുലയിലേക്ക് എത്തി.

നാഥുലയിൽ, സംഘം ഒരു ഡസൻ യാക്കുകളും നിരവധി കുതിരകളും അടങ്ങിയ മൃഗങ്ങളുടെ പുറത്തേറി. അങ്ങനെ 50 കിലോമീറ്റർ സഞ്ചരിച്ച് 15,500 അടി വരെ ഉയരത്തിൽ എത്തിയ അഞ്ച് ദിവസത്തെ യാത്രയായിരുന്നു അത്. ഔദ്യോഗിക യോഗങ്ങളും സാംസ്കാരിക പരിപാടികളും നിറഞ്ഞ അഞ്ച് ദിവസത്തെ താമസത്തിനായി നെഹ്‌റുവും സംഘവും 1958 സെപ്റ്റംബർ 23ന് പാരോയിലെത്തി. പിന്നീട് അവർ അതേ വഴിയിലൂടെ മടങ്ങുകയും ചെയ്തു.

ജഗത് മേത്തയുടെ കാറ്റലൈസിംഗ് ഗ്രാജുവേറ്റഡ് മോഡേണൈസേഷൻ ത്രൂ ഡിപ്ലോമസി: നെഹ്‌റുസ് വിസിറ്റ് ടു ഭൂട്ടാൻ (1958) എന്ന പുസ്തകത്തെ കോൺഗ്രസ് നേതാവ് പരാമർശിച്ചു. സന്ദർശനം ആസൂത്രിതമായിരുന്നില്ലെങ്കിലും ഇന്തോ-ഭൂട്ടാൻ ബന്ധങ്ങളിൽ ഒരു നാഴികക്കല്ലായി മാറി. ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചുള്ള അപകടകരവും ശാരീരികമായി ബുദ്ധിമുട്ടുള്ളതുമായ ഒരു നയതന്ത്ര ദൗത്യം എന്നാണ് മേത്ത ഈ സന്ദർശനത്തെ പുസ്തകത്തിൽ വിശേഷിപ്പിച്ചത്.

സിക്കിം അതിർത്തിക്കപ്പുറം യന്ത്രവൽകൃത ഗതാഗതം ഉപയോഗിക്കാൻ കഴിയാത്ത ഒരു വഴിയിലൂടെയാണ്  വെല്ലുവിളിയായി ഏറ്റെടുത്ത് നെഹ്‌റു മുന്നേറിയത്. അക്കാലത്ത് ഹെലികോപ്ടറുകൾക്ക് ഹിമാലയത്തിന്റെ പുറംനിരകൾ പോലും കടക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് മേത്ത പറയുന്നു. 10,000 അടി ഉയരത്തിലേക്കുള്ള ട്രക്കിങ്, കുതിര സവാരി, കുത്തനെയുള്ള ചരിവുകളിൽ യാക്കുകളെ ഉപയോഗിക്കൽ, ഇടുങ്ങിയ പാറക്കെട്ടുകളിലൂടെ സഞ്ചരിക്കൽ എന്നിവ ഈ യാത്രക്ക് ആവശ്യമായിരുന്നു.

‘ലോകത്തിലെ അവസാനത്തെ അടഞ്ഞ രാജ്യമായിരുന്നു ഭൂട്ടാൻ’ എന്ന് പുസ്തകം പറയുന്നു. ഈ പശ്ചാത്തലത്തിൽ ആണ് ജനാധിപത്യത്തോടുള്ള തന്റെ പ്രതിബ്ദധതയിൽ ആത്മവിശ്വാസത്തോടെയും യുവത്വപൂർണമായ  സാഹസികതയോടെയും മുന്നോട്ടുപോവാനുള്ള നെഹ്‌റുവിന്റെ തീരുമാനം. ഭൂട്ടാന്റെ ഇന്ത്യയുമായുള്ള ആധുനിക ഇടപെടലിനെ രൂപപ്പെടുത്താൻ ഈ യാത്ര അടിത്തറയിട്ടുവെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.

മേത്തയുടെ അഭിപ്രായത്തിൽ, ഈ പരിശ്രമങ്ങൾ ഇന്ത്യയുടെ സുരക്ഷക്കും ഭൂട്ടാന്റെ വേറിട്ട വ്യക്തിത്വത്തിന്റെ നിലനിൽപ്പിനും നിർണായകമായിരുന്നു. പ്രധാനമന്ത്രി നെഹ്‌റു ആ രാജ്യത്തിന്റെ ആത്മവിശ്വാസം വളർത്തുന്നതിൽ വിജയിക്കുകയും ആശയവിനിമയങ്ങൾ ക്രമേണ തുറക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ തിമ്പുവിലേക്കുള്ള പാത തുറക്കാനാവുമായിരുന്നില്ല. ഭൂട്ടാന്റെ ആഭ്യന്തര വികസനവും രാഷ്ട്രീയ വിമോചന പ്രക്രിയയും മുരടിച്ചുപോകുമായിരുന്നുവെന്നും മേത്ത പറയുന്നു.

ഭൂട്ടാൻ സർക്കാറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി നാലാമത്തെ രാജാവായ ജിഗ്മെ സിങ്യെ വാങ്ചുക്കിന്റെ 70-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് അവിടെയെത്തിയത്. ഭൂട്ടാനിലെ ജനങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് യാത്രക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ മോദി പറഞ്ഞു.

Tags:    
News Summary - Jayaram Ramesh recalled Nehru's extraordinary visit to Bhutan, which involved steep climbs and narrow cliffs up to 15,500 feet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.