അപ്പോളോയിലെ രഹസ്യവിവരം ചോര്‍ന്നു; പുറത്തുവിട്ടാല്‍ കലാപമെന്ന് ഹാക്കര്‍മാര്‍

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത രാഷ്ട്രീയ വിവരങ്ങള്‍ ആഴ്ചകള്‍ക്കുമുമ്പ് അപ്പോളോ ആശുപത്രിയുടെ സെര്‍വറില്‍നിന്ന് ചോര്‍ത്തിയതായും ഇത് പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ പറയുന്നു. വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ തന്നെയാണ് സെര്‍വറില്‍നിന്ന് ചോര്‍ത്തിയതെന്ന് ഉറപ്പിക്കാമെന്ന് ഐ.ടി വിദഗ്ധര്‍ പറയുന്നു.  എന്നാല്‍, ഇവര്‍ വിവരങ്ങള്‍ പുറത്തുവിടുമോയെന്ന കാര്യം വ്യക്തമല്ല. ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെയാണ് ലീജിയണിന്‍െറ അവകാശവാദം.

ലോകത്തെ പ്രമുഖരുടെ സാമൂഹിക മാധ്യമ-ഇമെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് ലീജിയണ്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യ, പ്രമുഖ പത്രപ്രവര്‍ത്തക ബര്‍ഖ ദത്ത് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തിയത് ലീജിയണ്‍ ഗ്രൂപ്പാണ്. തങ്ങളുടെ അടുത്ത ലക്ഷ്യം ഇന്ത്യവിട്ട് ലണ്ടനില്‍ താമസിക്കുന്ന മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദിയാണെന്ന് സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ വിവിധ സൈറ്റുകളും ലക്ഷ്യംവെക്കുന്നുണ്ടത്രെ. വിവിധ കമ്പനികളുടേതും വ്യക്തികളുടേതുമായി ഇന്ത്യയിലെ 40,000 സെര്‍വറുകള്‍ ചോര്‍ത്തിയതയായി ഇവര്‍ അവകാശപ്പെട്ടിരുന്നു.

ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച ദുരൂഹത അന്താരാഷ്ട്രതലത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയ സന്ദര്‍ഭത്തിലാണ് വെളിപ്പെടുത്തല്‍. സിനിമാതാരങ്ങളായ ഗൗതമിയും മന്‍സൂര്‍ അലിഖാനും ജയയുടെ ചികിത്സയിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. നടന്‍കൂടിയായ അണ്ണാ ഡി.എം.കെ മുന്‍ എം.എല്‍.എയും ഇപ്പോള്‍ ബി.ജെ.പി സഹയാത്രികനുമായ എസ്.പി. ശേഖറും ഗൗതമിയെ പിന്തുണച്ചിരുന്നു.

Tags:    
News Summary - JAYALALITHAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.