ജയലളിതയുടെ ഓർമകൾക്ക് ഒരു വയസ്സ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പുരട്ച്ചി തലൈവിയുടെ വിയോഗം തമിഴ്നാട്ടിൽ സൃഷ്ടിച്ചത് വലിയ രാഷ്ട്രീയ ചലനങ്ങളാണ്. തമിഴ് ജനതയുടെ അമ്മ എന്ന മഹാവൃക്ഷത്തിന്‍റെ വീഴ്ചക്ക് ശേഷം എ.ഐ.എ.ഡി.എം.കെ എന്ന പ്രസ്ഥാനവും സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. അമ്മയുടെ നേതൃത്വപാടവവും ഭരണനൈപുണ്യവും കൈമുതലായ ഒരു നേതാവ് അണ്ണാ ഡി.എം.കെയിൽ നിന്നും ഇതുവരെ ഉയർന്നുവന്നിട്ടില്ല. ആ വിടപറയൽ സൃഷ്ടിച്ച ശൂന്യതിൽ നിന്നും ഇനിയും മുക്തമാവാൻ കഴിഞ്ഞിട്ടില്ല തമിഴ്നാടിന്.

ജീവിതം പോലെത്തന്നെ ദുരൂഹമാണ് ജയലളിതയുടെ മരണവും. 2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരക്ക് ജയലളിതയുടെ മരണം സ്ഥിരീകരിക്കുമ്പോൾ അവർ ഇട്ടുപോയ സിംഹാസനത്തിലും സ്വത്തിലും കണ്ണ് വെച്ചവരും അതിനുവേണ്ടി കരു നീക്കിയവരും ഏറെയാണ്. എന്നാൽ തന്‍റെ വിൽപ്പത്രത്തിൽ എന്താണ് എന്ന് പോലും വെളിവാക്കാതെയാണ് ജയലളിത കടന്നുപോയത്.

അണ്ണാ ഡി.എം.കെയെയും  സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ തിരുവായ്ക്ക് എതിർവായ ഇല്ലാതെ നയിച്ച ഭരണാധികാരിയുടെ മരണശേഷം പാര്‍ട്ടിയില്‍ ചേരിതിരിവുകളും പൊട്ടിത്തെറികളും ഉണ്ടായി. ജയലളിതയുടെ തോഴിയും മസസ്ശാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന ശശികല ആദ്യം പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയായി. മുഖ്യമന്ത്രിയാകാനുള്ള കരുക്കൾ നീക്കുന്നതിനിടെയാണ് കോടതിവിധി ശശികലയുടെ മേൽ പതിച്ചത്. ശശികല ജയിലിലെത്തിയതോടെ ശത്രുക്കളായിരുന്ന  പനീര്‍സെല്‍വവും പളനിസാമിയും ഒന്നിച്ചു. ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്ന പക്ഷം പിടിക്കലുകളിലും കുതിരക്കച്ചവടത്തിലും തമിഴ്നാട്ടിലെ ജനങ്ങൾ എത്രത്തോളം മനംമടുത്തിട്ടുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആർ.കെ പുരത്തെ തെരഞ്ഞെടുപ്പ് ഫലം ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെങ്കിലും നൽകാതിരിക്കില്ല.

Tags:    
News Summary - Jayalalitha memory-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.