ന്യൂഡൽഹി: പരിശീലനത്തിനിടെ സ്ത്രീയുടെ മുടിയിൽ തുപ്പിയതിന് ക്ഷമാപണം നടത്തി സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ്. മുസാഫർനഗറിലെ പരിശീലനത്തിനിടെ മുടിയിൽ തുപ്പിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ നേരിട്ടതിനെ തുടർന്നാണ് ജാവേദ് ഹബീബ് വിഷയത്തിൽ ക്ഷമാപണം നടത്തുന്നതായി ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.
വർക്ക്‌ഷോപ്പുകളിൽ ആളുകലെ രസിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ഇത് ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുന്നതായും ക്ഷമാപണ വീഡിയോയിൽ ജാവേദ് ഹബീബ് പറഞ്ഞു.
മുസാഫർനഗറിലെ ജാവേദ് ഹബീബിന്‍റെ പരിശീലന സെമിനാറിനിടെ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രത്യേക രീതിയിലുള്ള ഹെയർ കട്ട് പഠിപ്പിക്കാൻ വേണ്ടി സ്റ്റേജിലിരുത്തിയ സ്ത്രീയുടെ തലയിൽ ജാവേദ് ഹബീബ് തുപ്പുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ജാവേദ് ഹബീബിനെതിരെ വിമർശനങ്ങളുമായി വന്നിരുന്നു.
സ്റ്റേജിലിരുന്ന യുവതി ബാഗ്പത്തിൽ നിന്നുള്ള പൂജ ഗുപ്തയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജാവേദ് ഹബീബിന്‍റെ പ്രവൃത്തിയിൽ താൻ അങ്ങേയറ്റം നിരാശയിലാണെന്നും വേദിയിൽ നാണംകെടേണ്ടി വന്നുവെന്നും പൂജ ഗുപ്ത പ്രതികരിച്ചു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യു.പി ഡയറക്ടർ ജനറലിന് കത്തയച്ചതായി ദേശീയ വനിതാകമീഷൻ അധ്യക്ഷയായ രേഖ ശർമ്മ വ്യാഴാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഹെയർ ആൻഡ് ബ്യൂട്ടി ലിമിറ്റഡിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജാവേദ് ഹബീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.