സിജെപി പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടിനെതിരെ പ്രക്ഷോഭം നയിച്ച കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) വീണ്ടും സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഡൽഹിയിലെ ജന്തർ മന്തർ മേഖലയിൽ സുരക്ഷ കർശനമാക്കി.
വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധക്കാർ ബാരിക്കേഡുകൾ നീക്കുന്നത് തടയാൻ ഡൽഹി പൊലീസ് ഇരുമ്പ് ബാരിക്കേഡുകൾ വെൽഡ് ചെയ്ത് സ്ഥിരമായി ഉറപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജൂലൈ 20ന് നടന്ന സി.ജെ.പിയുടെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും നീക്കിയതായും പൊലീസ് പറയുന്നു. ഇതേ സാഹചര്യം വീണ്ടും ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ ബാരിക്കേഡുകൾ വെൽഡ് ചെയ്ത് സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തതെന്നും പൊലീസ് പറയുന്നു.
പ്രദേശത്ത് ദ്രുതകർമ സേന ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള പ്രവേശന കവാടങ്ങളിൽ അധിക പരിശോധന ഏർപ്പെടുത്തി. ജന്തർ മന്തറിൽ വീണ്ടും സംഘർഷസാധ്യത ഒഴിവാക്കാൻ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും സ്വീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും ഉടൻ പിൻവലിക്കുക, കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയക്കുക, ഡൽഹി പോലീസും കേന്ദ്ര ഏജൻസികളും പൊലീസും പുതിയ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് അവസാനിപ്പിക്കുക, ഒപ്പുവച്ച കരാർ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയവയാണ് സി.ജെ.പിയുടെ ആവശ്യം.
നിയമനടപടികൾ നേരിടുന്ന പ്രതിഷേധക്കാരെ സഹായിക്കുന്നതിനായി രാജ്യവ്യാപകമായി നിയമസഹായ സെൽ രൂപീകരിക്കുമെന്നും, സാക്ഷി എന്ന ഓൺലൈൻ തെളിവ് ശേഖരണ പ്ലാറ്റ്‌ഫോം ആരംഭിച്ചതായും സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തവർക്ക് നിയമസഹായം നൽകുന്നതിനായി രാജ്യസഭാ എം.പി കപിൽ സിബൽ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്ന് ജൂലൈ 25ന് സി.ജെ.പി പ്രതിഷേധം പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.