പ്രതിഷേധ വേദിയിൽ നിന്ന് പ്രദർശന വേദിയായി മാറാൻ ജന്തർ മന്തർ; ഇന്ത്യ ബിനാലെയിൽ കേന്ദ്ര വേദിയാകും
ന്യൂഡൽഹി: ഡൽഹിയുടെ ചരിത്രപ്രധാനമായ ജന്തർമന്തർ പ്രക്ഷോഭ വേദികളിൽ നിന്നും മാറി കലാപ്രദർശന വേദിതായി മാറാൻ ഒരുങ്ങുന്നു. ഭരണഘടനാ സ്ഥാപനങ്ങളുമായുള്ള വിവിധ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും കേന്ദ്രമായിരുന്ന ഈ പ്രശസ്തമായ ഇടം, വരാനിരിക്കുന്ന ഇന്ത്യ ബിയെന്നാലെ 2026-ന്റെ ഭാഗമായി പ്രധാന വേദിയായി മാറുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പുരാതന വാസ്തുവിദ്യയുടെയും വിസ്മയമായ ജന്തർമന്തർ ഇനി രാജ്യത്തിന്റെ സാംസ്കാരികവും കലാപരവുമായ സംവാദങ്ങളുടെ കൂടി കേന്ദ്രമായി മാറുകയാണ്.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ബൃഹത്തായ കലാപ്രദർശനമാണ് ബിനാലെ. ഇൻസ്റ്റലേഷനുകൾ, ചിത്രകല, ശില്പങ്ങൾ, പ്രകടനകലകൾ, ഫോട്ടോഗ്രാഫി, ചലച്ചിത്രങ്ങൾ എന്നിവയിലൂടെ വിവിധ കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കും. 18-ാം നൂറ്റാണ്ടിൽ മഹാരാജാവായ സവായ് ജയ് സിങ് രണ്ടാമൻ നിർമിച്ച ജന്തർമന്തർ, ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്ക് പേരുകേട്ടതാണ്. എന്നാൽ അടുത്ത കാലത്തായി ഇന്ത്യകണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന് സാക്ഷിയായിരുന്നു ഇവിടം. തുടർന്ന് ഈ ചരിത്ര സ്മാരകത്തിന് ചുറ്റുമുള്ള പ്രദേശം പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ മാറ്റം. ഡിസംബർ 4 മുതൽ 2026 മാർച്ച് 21 വരെ നടക്കുന്ന ഇന്ത്യ ബിനാലെയുടെ പ്രധാന പ്രദർശന വേദികളിലൊന്നായാണ് ഇത് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ തനതായ കല, വാസ്തുവിദ്യ, ഡിസൈൻ എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്കാരിക മന്ത്രാലയമാണ് ഈ ബൃഹത്തായ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് ആദ്യത്തെ ഇന്ത്യ ആർട്ട്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ബിനാലെ 2023-ൽ ചെങ്കോട്ടയിലാണ് നടന്നത്. ഈ അന്താരാഷ്ട്ര കൂട്ടായ്മയിൽ ഇന്ത്യക്ക് പുറമെ ഇറ്റലി, ഹംഗറി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ജന്തർമന്തറിന് പുറമെ കുതുബ് മിനാർ, ലോധി ഗാർഡൻ, ചെങ്കോട്ട, ഹൗസ് ഖാസ് എന്നിവയും ഈ മേളയുടെ ഭാഗമായുള്ള മറ്റ് പ്രധാന പ്രദർശന വേദികളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.