ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ച 270 കിലോമീറ്റർ ജമ്മു-ശ്രീനഗർ ഹൈവേ ഞായറാഴ്ച ഗതാഗതത്തിനായി വീണ്ടും തുറന്നു. മുഗൾ റോഡ്, സിന്തൻ പാസ്, സോനാമാർഗ്-കാർഗിൽ ഇന്റർ-യു.ടി റോഡ്, ഭാദേർവ-ചമ്പ അന്തർസംസ്ഥാന റോഡ് എന്നിവയുൾപ്പെടെ പല പ്രധാന അന്തർ ജില്ലാ റൂട്ടുകളും കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചിരിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്തതിനെ തുടർന്നാണ് ഹൈവേ വീണ്ടും തുറന്നതെന്ന് ട്രാഫിക് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനഗർ വിമാനത്താവളത്തിൽ വിമാന സർവിസുകൾ പുനരാരംഭിച്ചു. കനത്ത മഞ്ഞുവീഴ്ചക്കു ശേഷം കശ്മീർ താഴ്‌വരയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.
ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്കുള്ള ബദൽ ലിങ്കായി പ്രവർത്തിക്കുന്ന മുഗൾ റോഡ് മഞ്ഞ് അടിഞ്ഞുകൂടിയതിനാൽ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കിഷ്ത്വറിലെ സിന്താൻ ചുരവും അടച്ചിരിക്കുന്നു. ഈ റോഡുകൾ വൃത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
വെള്ളിയാഴ്ച വൈകുന്നേരം ഈ സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ചക്ക് കശ്മീർ സാക്ഷ്യം വഹിച്ചു. അത് ശനിയാഴ്ച വരെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.