രാജ്യത്തിന്‍റെ സാമൂഹികാവസ്ഥ ദുർബലമാക്കുന്നത് കേന്ദ്ര സർക്കാർ-ജമാഅത്തെ ഇസ്​ലാമി

ന്യൂഡൽഹി: വിദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയംമൂലം വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര കൂടിയാലോചനാ സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു.

ഇന്ത്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന വിദ്വേഷം, മതസ്വാതന്ത്ര്യ ധ്വംസനം, ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ വർധിദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങൾ, ആരാധനാലയങ്ങളെക്കുറിച്ച് വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ തുടങ്ങിയവ അപകടകരമായ തലങ്ങളിൽ എത്തി, രാജ്യത്തിന്റെ സാമൂഹിക ഘടനയെ അതിവേഗം ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വാർഥതാൽപ്പര്യത്തിലും വർഗീയ വിദ്വേഷത്തിലും അധിഷ്ഠിതമായ രാഷ്ട്രീയം, രാഷ്ട്രീയത്തിൽ സമ്പത്തിന്റെ വർധിച്ചുവരുന്ന പങ്ക്, ദേശീയ നയങ്ങളിൽ മുതലാളിത്ത ശക്തികളുടെ സ്വാധീനം, രാഷ്ട്രീയത്തിൽ ക്രിമിനൽ മനസ്സുള്ളവരുടെ എണ്ണം എന്നിവ രാജ്യത്തെ നിരന്തരം ദുർബലപ്പെടുത്തുന്നതായി യോഗം വിലയിരുത്തി.

രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം, എതിർ ശബ്ദങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കും വിധമുള്ള ജനാധിപത്യ,സർക്കാർ സ്ഥാപനങ്ങളുടെ ദുരുപയോഗം എന്നിവ സർവസാധാരണമായി മാറുകയും ആഗോളതലത്തിൽ രാജ്യത്തിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നും യോഗത്തിൽ ചർച്ചയായി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ സമ്പത്ത് വളരെയധികം വളർന്നു, പക്ഷേ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് അതിന്റെ ഫലം ലഭിക്കുന്നില്ല. ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും രാജ്യത്തിന്റെ സമ്പത്ത് ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതും പണപ്പെരുപ്പവും തൊഴിലില്ലായ്മയും തുടർച്ചയായി വർധിച്ചതും രാജ്യത്തെ ജനങ്ങൾക്കിടയിൽ, വിശേഷിച്ച് യുവാക്കളിലും കർഷകരിലും അസമാധാനവും അതൃപ്തിയും ഒപ്പം സാമ്പത്തിക മാന്ദ്യവും വളർത്തിയെടുത്തു. സർക്കാർ നയങ്ങൾക്കെതിരെ ഉത്കണ്ഠ വർധിച്ചുവരികയാണ്. ഇത് ഏറെ ആശങ്കാജനകമായ സാഹചര്യമാണെന്ന് യോഗം വിലയിരുത്തി.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ യഥാർഥ ഉത്തരവാദിത്തം സർക്കാരിനാണ്. ഇപ്പോൾ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാനും സമ്മതിദാനാവകാശം രാജ്യത്തിന്റെ ക്ഷേമത്തിനും സമൂഹത്തിന്റെ സേവനത്തിനും മുൻഗണന നൽകുന്നവർക്ക് അനുകൂലമായി വിനിയോഗിക്കാനും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതിപക്ഷ പാർട്ടികൾക്ക് തുല്യ അവസരങ്ങൾ നൽകുന്നില്ല. വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും ഭരണഘടനയുടെയും നിയമ വ്യവസ്ഥകളുടെയും ലംഘനമാണ്. ഇസ്രായേലിന്‍റെ വംശഹത്യയെ പിന്തുണക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ നിർത്തണം. ലോകമെമ്പാടും, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളിലും ഈ ക്രൂരതയ്‌ക്കെതിരായ ജനരോഷത്തിന്റെ പ്രകടനങ്ങൾ സ്വാഗതാർഹമാണ്. ജനങ്ങളുടെ ഈ ആശങ്കയിൽ ബന്ധപ്പെട്ട സർക്കാറുകൾ അടിയന്തരശ്രദ്ധ ചെലുത്തണം.

എന്നാൽ ഈ സംഘട്ടനത്തിൽ, ഇസ്രായേൽ ആക്രമണത്തെ മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും ഭരണാധികാരികൾ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നു. ഈ വിഷയത്തിൽ മുസ്‌ലിം രാജ്യങ്ങളുടെ നിസ്സംഗതയും വളരെ സങ്കടകരമാണ്. ഇസ്രയേലിന്റെ ക്രൂരവും ബീഭത്സവുമായ സ്വഭാവം ലോകത്തിന്റെ സമീപകാല ചരിത്രത്തിൽ അഭൂതപൂർവമാണ്, ഈ സംഘടിത വംശഹത്യയെ യോഗം അപലപിച്ചു. ഇസ്രായേലിനെ അന്യായമായി പിന്തുണയ്ക്കുന്നത് നിർത്താൻ പാശ്ചാത്യ രാജ്യങ്ങളോട്, വിശേഷിച്ച് അമേരിക്കയോട് ശക്തമായി ആവശ്യപ്പെട്ടു. കൂട്ടക്കൊലകളുടെ പരമ്പര ഉടനടി അവസാനിപ്പിച്ച്, ഫലസ്തീനിൽ സമാധാനം ഉറപ്പാക്കുകയും ഇരകളുടെ പുനരധിവാസം സംഘടിപ്പിക്കുകയും, ഫലസ്തീന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിൽ നല്ല പങ്ക് വഹിക്കുകയും ഇസ്രായേലിലെ യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കുകയും വേണം. ഇപ്പോൾ ഈ സംഘർഷം ഇസ്രയേലിലും ഫലസ്തീനിലും മാത്രമല്ല, മിഡിൽ ഈസ്റ്റിനെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്. അതിനാൽ, അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും അടിയന്തരവും ഫലപ്രദവുമായ നടപടി അനിവാര്യമായിരിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Jamaat e Islami is weakening the social condition of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.