പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ചുഴലിക്കാറ്റ്; അഞ്ച് മരണം 500 പേർക്ക് പരിക്ക്

കൊൽക്കത്ത: ഞായറാഴ്ച ഉച്ചയോടെ വടക്കൻ ബംഗാളിലെ ജൽപാൽഗുഡി ജില്ലയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് മരണം. 500 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഗ്രാമങ്ങളിൽ 10 മിനിറ്റ് നീണ്ടുനിന്ന കാറ്റ് വീശിയത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച രാത്രി തന്നെ ജൽപാൽഗുഡിയിലെത്തി. സ്ഥിതിഗതികൾ വിലയിരുത്തുകയും ചുഴലിക്കാറ്റ് ബാധിതരെ കാണാൻ ജൽപാൽഗുഡി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കുകയും ചെയ്തു.

നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തുവെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.

"ഭരണകൂടം സ്ഥലത്തുണ്ട്, ആവശ്യമായ സഹായം നൽകുന്നു. ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു. ഭരണകൂടം അവശരായ ജനങ്ങൾക്കൊപ്പം നിൽക്കും. സംഭവിച്ച നാശത്തെക്കുറിച്ച് ഞങ്ങൾക്കറിയാം. സംഭവിച്ച ഏറ്റവും വലിയ നാശം ജീവഹാനിയാണ്"- മമത ബാനർജി പറഞ്ഞു.

ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം ഇതിനകം അവസാനിച്ചുവെന്നും മമത കൂട്ടിച്ചേർത്തു.

പരിക്കേറ്റ 170 പേരെ ജൽപാൽഗുഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുന്നൂറോളം പേരെ മേനാഗുരി ആശുപത്രിയിലും നൂറോളം പേർ ബർണേഷ് ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.

സമാനമായ കാറ്റ് സമീപ പ്രദേശങ്ങളായ അലിയുപുർദുവാർ, കൂച്ച് ബിഹാർ ജില്ലകളിലും വീശിയടിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Jalpaiguri storm: 5 killed, 500 injured; Mamata Banerjee rushes to north Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.