വീര വിജയം: രണ്ടാഴ്ച്ച കൊണ്ട് തമിഴ് യുവത്വം രചിച്ചത് ചരിത്രം 

ചെന്നൈ: വെറും രണ്ടാഴ്ച്ച. പ്രത്യേക നേതൃത്വമില്ലാതെ തമിഴ് യുവത്വം വീര വിജയം രചിച്ച് ചരിത്രത്തിലേക്ക് നടന്നു കയറി. ഒരു സമരം വിജയിപ്പിക്കാനുള്ള തലപുകയുന്ന ആലോചനകളില്ലാതെ സ്മാര്‍ട്ട് ഫോണുകളും സാമൂഹ്യ മാധ്യമങ്ങളുമായിരുന്നു ആയുധം. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന തമിഴ് ദേശീയ വികാരവും. ഇരുപത്തിനാലു മണിക്കൂറും സമരഭൂമിയിലെ  നിരന്തര പോരാട്ടത്തിലൂടെയാണ് വീരവിളയാട്ടിനുള്ള അനുമതി നേടിയെടുത്തത്. അറബ് വസന്തം പോലെ മറീനയിലും മധുര അളങ്കാനെല്ലൂരും തമിഴ് വസന്തം പൂവിട്ടു.  സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍കളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച കഴിഞ്ഞ മൂന്ന് പൊങ്കലുകളിലും കാത്തിരുന്ന ജെല്ലിക്കെട്ട് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നതില്‍ നിന്നാണ് പോരാട്ട പാതയിലത്തൊന്‍ യുവജന- വിദ്യാര്‍ഥി സമൂഹത്തെ പ്രേരിപ്പിച്ചത്. പൊങ്കല്‍ ദിനങ്ങള്‍ക്ക് മുമ്പ് ഏതാനും ചില യുവാക്കള്‍ വാട്ട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലൂടെ  തുടങ്ങിയ ജെല്ലിക്കെട്ടിനായുള്ള പ്രചാരണമാണ് വന്‍ ജനകീയ പ്രക്ഷോഭമായി വളര്‍ന്നത്. ആദ്യദിനങ്ങളില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടന്ന സമരം പിന്നീട് ക്ളാസുകള്‍ ബഹിഷ്കരിച്ച് തെരുവിലേക്ക് ഇറങ്ങിയതോടെ യുവ സമൂഹവും പങ്കാളികളായി. പൊതുജനങ്ങളും കൂടി തോളോടു തോള്‍ ചേര്‍ന്ന് ‘മക്കള്‍ പോരാട്ടം’ ഗ്രാമാന്തരങ്ങളിലേക്കും കത്തിപടര്‍ന്നു.

 


മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത യുവജന മുന്നേറ്റം തടുക്കാന്‍ പ്രൊക്ഷോഭത്തിന്‍െറ ദേശീയ കേന്ദ്രമായി മാറിയ  ചെന്നൈ മറീനയിലെ വൈദ്യുതി ബന്ധം വിഛേദിച്ചും മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയും ചെറിയ തോതില്‍ ലാത്തിവീശിയും സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ജനകീയ പ്രതിഷേധം ഭയന്ന് അതില്‍ നിന്ന് പിന്‍മാറി.  അയല്‍ സംസ്ഥാനങ്ങളുമായുള്ള ജല തര്‍ക്കങ്ങളും  കര്‍ഷക ആത്മഹത്യകളും  സമരവേദികളില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ജെല്ലിക്കെട്ടിനെതിരെ നിയമപോരാട്ടം നയിക്കുന്ന മൃഗസ്നേഹി സംഘടനയായ പെറ്റക്കെതിരായ പ്രതിഷേധങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളിലേക്കും എത്തിച്ചു. കൊക്കോകോള, പെപ്സി തുടങ്ങി വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും സ്വദേശി ഉത്പന്നങ്ങളുടെ പ്രചാരകരായി മാറുമെന്നും യുവത്വം പ്രതിജഞ എടുത്തു.  ആട്ടും പാട്ടുമായി പെണ്‍കുട്ടികളും സമരവേദികളില്‍ നിറഞ്ഞുനിന്നു. 1960 കളില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ സംസ്ഥാനം കണ്ട ഹിന്ദിവിരുദ്ധ പ്രക്ഷോഭമാണ് സംസ്ഥാനം മുമ്പ് കണ്ട വന്‍ജനകീയ മുന്നേറ്റം. അന്നത്തെ രക്തരൂക്ഷിത സമരത്തിന്‍െറ സ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ച്ച കണ്ടത് ഗാന്ധിയന്‍ സമരമാണ്. 

ഇതിനിടെ വീരവിളയാട്ട് വിജയത്തിന്‍െറ പങ്ക് പറ്റാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ മേഖലയും അവകാശങ്ങളുമായി രംഗത്തുണ്ട്. എല്ലാ പൊങ്കലുകള്‍ക്കും പേരിന് പ്രതിഷേധം നടത്തി പിരിഞ്ഞിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഞെട്ടല്‍ സൃഷ്ടിച്ചാണ് യുവജന മുന്നേറ്റമുണ്ടായത്. കഴിഞ്ഞവര്‍ഷം കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. യുവജന മുന്നേറ്റത്തല്‍ പനീര്‍ശെല്‍വം സര്‍ക്കാര്‍ പരിഭ്രമിച്ചു. ജയലളിതയുടെ മരണത്തിന് ശേഷം പനീര്‍ശെല്‍വം സര്‍ക്കാര്‍ രണ്ടാഴ്ച്ചക്കിടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന്പോയത്. സമരം കെട്ടടങ്ങുമെന്ന പതിവ് പ്രതീക്ഷകള്‍ തെറ്റിയത് അണ്ണാഡി.എം.കെക്കും ബി.ജെ.പിക്കും വെല്ലുവിളിയായി. സമരത്തെ അടിച്ചമര്‍ത്താതെ മൃദുസമീപനം സ്വീകരിച്ച് പ്രക്ഷോഭകര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നു. സമരത്തിന്‍െറ വികാരം ഉള്‍ക്കൊണ്ട് പനീര്‍ശെല്‍വം ഡല്‍ഹിയിലത്തെി പ്രധാനമന്ത്രിയെ കണ്ടതോടെ പന്ത് കേന്ദ്രസര്‍ക്കാരിന്‍െറ കോര്‍ട്ടിലായി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് മോദി അഭിപ്രായപ്പെട്ടെങ്കിലും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം സമ്മര്‍ദ്ദം ശക്തിപ്പെടുത്തി. എതിര്‍പ്പിന്‍െറ സ്വരം ഉയരാന്‍ സാധ്യതയുള്ള മൃഗസ്നേഹിയായ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെ സ്വാധീനിച്ചു.

 


അതേസമയം ഭാവിയിലും അണ്ണാഡി.എം.കെയെ ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി വിലപേശാല്‍ നടത്തി. സംസ്ഥാനത്തെ പ്രബല പ്രതിപക്ഷമായ ഡി.എം.കെ അവസരം മുതലാക്കാന്‍ ട്രയിന്‍ തടയലും നിരാഹാരവും അറസ്റ്റ് വരിക്കലുമായി രംഗത്തത്തെി. കരുണാനിധി വിശ്രമത്തിലായതിനാല്‍ ഡി.എം.കെ വര്‍ക്കിങ്പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിനും  സഹോദരി കനിമൊഴി എം.പിയും ഇന്നലെ രാവിലെ വള്ളുവര്‍ക്കോട്ടത്ത് നിരാഹാരംഇരുന്നു. സീമാന്‍, വൈക്കോ, നെടുമാരന്‍ തുടങ്ങി തീവ്ര തമിഴ് നേതാക്കള്‍ സമ്പൂര്‍ണ്ണമായി കളത്തിന് പുറത്തുപോയി. ഇതിനിടെ സിനിമാ താരങ്ങളും സംഘടനകും സമരവേദികളില്‍ പ്രത്യക്ഷപ്പെട്ട് എരീതിയില്‍ എണ്ണയൊഴിച്ച് സമരത്തിന്‍െറ പങ്കുപറ്റാന്‍  ശ്രമിച്ചു. ജെല്ലിക്കെട്ടിനെതിരെ സംസാരിച്ച നടി തൃഷയെ ഒപ്പം കൂട്ടാന്‍ തെന്നിന്ത്യന്‍ നടികര്‍ സംഘത്തിന് സാധിച്ചു. നടന്‍മാരായാ കാര്‍ത്തിയും രാഘവേന്ദ്ര ലോറന്‍സും മറീനയില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം അണിചേര്‍ന്നു. ഒരു ദിവസത്തെ തങ്ങളുടെ നിരാഹാരത്തിലൂടെ സമരത്തിന്‍െറ സമ്പൂര്‍ണ്ണത തങ്ങളിലേക്ക് എത്തിക്കാനുള്ള താര സംഘടന നീക്കം യുവസമൂഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ തടയുകയാിരുന്നു. ജെല്ലിക്കെട്ടിനൊപ്പം നില്‍ക്കുക വ്യക്തിപരമായി തങ്ങളുടെ സിനിമകളുടെ വിജയകം കൂടിയാണെന്നന് തിരിച്ചറിഞ്ഞ താരങ്ങള്‍ പിന്തുണയും പ്രസ്താവനകളുമായി മത്സരിക്കുകയായിരുന്നു.  

 

Tags:    
News Summary - jallikattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.