ചെന്നൈ: തമിഴ്നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് സമരം ശക്തിപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികളെയും തമിഴ് അനുകൂല സംഘടനകളെയും പിന്തള്ളി സാമൂഹികമാധ്യമങ്ങളിലൂടെ സംഘടിച്ച വിദ്യാര്‍ഥി-യുവജന കൂട്ടായ്മകളാണ് സമരരംഗത്ത്. നാലു ദിവസമായി തുടങ്ങിയ വിദ്യാര്‍ഥിസമരം സംസ്ഥാനത്ത് വ്യാപിക്കുകയാണ്. പ്രത്യേകിച്ചൊരു സംഘടനാനേതൃത്വമോ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോ ഇല്ലാതെയാണ് പഠിപ്പുമുടക്കല്‍, നിരാഹാരസമരങ്ങള്‍ തുടരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുപരി ദ്രാവിഡ മണ്ണിന്‍െറ കാര്‍ഷിക പാരമ്പര്യം സംരക്ഷിക്കാനാണ് തെരുവിലിറങ്ങിയതെന്ന് സമരരംഗത്തുള്ള മഹേശ്വരി പറയുന്നു.
ചെന്നൈയിലെ അണ്ണാ സര്‍വകലാശാല ആസ്ഥാനത്ത് പഠിപ്പുമുടക്കിയുള്ള പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു ഗവേഷക വിദ്യാര്‍ഥി കൂടിയായ ഇവര്‍. പ്രതിഷേധ കൂട്ടായ്മക്ക് പിന്തുണയുമായി ദിനംപ്രതി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ബുധനാഴ്ച അണ്ണാ സര്‍വകലാശാല കാമ്പസില്‍ നടന്ന സമരത്തില്‍ 500 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മധുര, തിരുച്ചിറപ്പള്ളി, ദിണ്ഡികല്‍, പുതുക്കോട്ടൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളിലേക്കും കോളജ് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന സമരം വ്യാപിക്കുകയാണ്. ജെല്ലിക്കെട്ടിന്‍െറ കേന്ദ്രമായ മധുര അളകാനല്ലൂരില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു.
അതേസമയം, 2014ല്‍ സുപ്രീംകോടതി നിരോധിച്ച ജെല്ലിക്കെട്ട് ഈ വര്‍ഷം നടത്താന്‍ വേണ്ട ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സംരക്ഷിത മൃഗങ്ങളുടെ കൂട്ടത്തില്‍നിന്ന് കാളകളെ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്‍െറ ആവശ്യം. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പന്നീര്‍സെല്‍വം അയച്ച കത്ത് വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സമാന ആവശ്യവുമായി അണ്ണാ ഡി.എം.കെ ജനറല്‍സെക്രട്ടറി ശശികല നടരാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.