അതിര്‍ത്തിയില്‍ പാക് ആക്രമണം  രൂക്ഷം; ജനങ്ങളെ ഒഴിപ്പിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. ജമ്മു ജില്ലയിലെ ആര്‍.എസ് പുര സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളിലും സൈനിക പോസ്റ്റുകള്‍ക്കുനേരെയും വെള്ളിയാഴ്ച രാത്രി പാക് സൈന്യം രൂക്ഷമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. 
വെള്ളിയാഴ്ച പാകിസ്താന്‍ റേഞ്ചേഴ്സ് സൈനികര്‍ ആറു തവണ വെടി നിര്‍ത്തല്‍ ലംഘിച്ചതിന് പിന്നാലെയാണ് രാത്രിയും ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ബി.എസ്.എഫ് നല്‍കിയ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 
അന്താരാഷ്ട്ര അതിര്‍ത്തിയിലെ കരോത്തന ഖുര്‍ദ്, അബ്ദുല്ലിയാന്‍ എന്നിവിടങ്ങളിലാണ് രാത്രി ആക്രമണമുണ്ടായതെന്ന് ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി.കെ. ഉപാധ്യായ പറഞ്ഞു. ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ നിരീക്ഷണ ഗോപുരത്തിലുണ്ടായിരുന്ന സൈനികനെ ആക്രമിക്കാന്‍ പാക് റേഞ്ചേഴ്സ് ശ്രമിച്ചതായും എന്നാല്‍ അദ്ദേഹം ചാടി രക്ഷപ്പെട്ടതായും ഡി.കെ. 

ഉപാധ്യായ പറഞ്ഞു. സൈനികന് കാലിന് പരിക്കേറ്റു. വെടിവെപ്പ് രൂക്ഷമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ആളുകളെ മാറ്റിയത്. ഹിറാ നഗറിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ചാന്‍ ഖത്രിയാനിലെ മറ്റൊരു സ്കൂളിലും ജില്ലാ ഭരണകൂടം ഒരുക്കിയ ക്യാമ്പുകളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. 400ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയതായി കത്വ ഡെപ്യൂട്ടി കമീഷണര്‍ രമേഷ്കുമാര്‍ പറഞ്ഞു. അതിനിടെ, ബാരാമുള്ളയില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ജെയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. സഫീര്‍ അഹ്മദ് ഭട്ട്, ഫര്‍ഹാന്‍ ഫയാസ് എന്നിവരാണ് പിടിയിലായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഗസ്റ്റ് 16നാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. 

അറസ്റ്റിലായവരില്‍നിന്ന് എ.കെ റൈഫിള്‍, പിസ്റ്റള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. സൈനിക വിന്യാസം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ചാരനെ സാംബ ജില്ലയില്‍ അറസ്റ്റ് ചെയ്തു. രണ്ട് പാകിസ്താന്‍ സിം കാര്‍ഡുകളും സുരക്ഷാസേനയുടെ വിന്യാസം ചിത്രീകരിക്കുന്ന ഭൂപടവും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ജമ്മു ജില്ലയിലെ ചംഗിയ സ്വദേശി ബേധ് രാജ് ആണ് പിടിയിലായത്.

Tags:    
News Summary - jaishe muhammed terrorist arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.