ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെ യാതൊരു കാരണവശാലും ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യയുടെ ഈ കർശന നിലപാട് അറിയിച്ചത്. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏത് കക്ഷിയുടെയും ഇത്തരം ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും എസ്. ജയശങ്കർ ആവശ്യപ്പെട്ടു.
ചരക്കുകപ്പലുകൾക്കും നാവികർക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യയുടെ ആശങ്കകൾ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹായുമായി പങ്കുവെച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ജയശങ്കർ അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചത്. "ഇന്ന് വൈകുന്നേരം ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ നിലനിൽക്കുന്ന ശത്രുതയിൽ ഞങ്ങളുടെ ആഴത്തിലുള്ള ആശങ്കകൾ അറിയിച്ചു" - അരാഗ്ചിയുമായുള്ള സംഭാഷണത്തിന് ശേഷം ജയശങ്കർ എക്സിൽ കുറിച്ചു.
ഏത് സാഹചര്യത്തിലും വാണിജ്യ കപ്പലുകൾക്കും നാവികർക്കും എതിരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് ഇന്ത്യ ശക്തമായി അഭ്യർത്ഥിക്കുന്നുവെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ഏത് കക്ഷിയുടെയും ഇത്തരം ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇറാന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും പുരോഗമിക്കുന്ന ചർച്ചകളെക്കുറിച്ചും തന്നെ അറിയിച്ചിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യ എപ്പോഴും സംഭാഷണങ്ങളെയും നയതന്ത്ര ചർച്ചകളെയുമാണ് പിന്തുണക്കുന്നത് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി, ഹുർമുസ് കടലിടുക്കിലും കരിങ്കടലിലും വ്യാപാരകപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളിൽ ന്യൂഡൽഹി കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ ഇന്ത്യൻ നാവികരുടെ മരണത്തിന് ഇടയാക്കിയിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏത് കക്ഷിയുടെയും ഇത്തരം നടപടികളെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനു ശേഷം 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. ഇറാനോ അമേരിക്കയോ നടത്തിയ ആക്രമണങ്ങളിലാണ് ഈ ജീവനുകൾ നഷ്ടപ്പെട്ടത്. എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ഇന്ത്യ ഇത്തരമൊരു ശക്തമായ നിലപാട് ഔദ്യോഗികമായി അറിയിക്കുന്നത് ഇത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.