രാജ്യസഭാ അധ്യക്ഷൻ ഭരണകൂടത്തിന്റെ ‘ചിയർ ലീഡർ’ ആകരുത് -ജയറാം രമേശ്

ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ അമ്പയറാണെന്നും അദ്ദേഹത്തിന് ഭരണകൂടത്തിന്റെ ചിയർ ലീഡർ ആകാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. പാർലമെന്റിൽ മൈക്കുകൾ ഓഫാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെയാണ് ജയറാം രമേശ് പ്രതികരിച്ചത്.

രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശത്തെ വിമർശിച്ച ധൻകർ ഈ വിഷയത്തിൽ മൗനം പാലിച്ചാൽ താൻ ഭരണഘടനാ വിരുദ്ധനാകുമെന്ന് പറഞ്ഞിരുന്നു.

ഒരു പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിലാണ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്, ധൻകറിനെ വിമർശിച്ചത്.

‘ഈ രാജ്യത്ത് നമ്മുടെ മുൻവിധികളും പാർട്ടി വിധേയത്വങ്ങളും ഉപേക്ഷിക്കാനും വഴിയിൽ നാം ഉൾക്കൊണ്ടേക്കാവുന്ന ഏത് പ്രചാരണത്തിൽ നിന്നും സ്വയം വിട്ടുനിൽക്കാനും നിർബന്ധിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഓഫീസ്, രാജ്യസഭയുടെ അധ്യക്ഷനായിരിക്കാനുള്ള അധിക ഉത്തരവാദിത്തം വഹിക്കുന്ന ഈ സ്ഥാപനം ഇവയിൽ പ്രധാനമാണ്. അതുകൊണ്ട് തന്നെ രാഹുലിനെക്കുറിച്ചുള്ള ഉപരാഷ്ട്രപതിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തു. സർക്കാറിനെ പ്രതിരോധിക്കുന്നതിനായി ആയുധമെടുക്കുന്നത് ഭരണഘടനാപരമായി ആവശ്യമാണെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശം നിരാശാജനകമായിരുന്നു.

രാഹുൽ ഇവിടെ ആവർത്തിക്കാത്ത ഒരു കാര്യവും വിദേശത്ത് പറഞ്ഞിട്ടില്ല. മറ്റ് ചില വ്യക്തികളെപ്പോലെ, ഇരിക്കുന്ന ഇടത്തിനനുസരിച്ച് നിലപാടിൽ വ്യത്യാസം വരുത്തില്ല -ജയറാം രമേശ് പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന വസ്തുതയാണ്. ഭരണകർത്താക്കൾക്ക് അസൗകര്യമുണ്ടാക്കുന്ന വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് പ്രതിഷേധിച്ച 12 പ്രതിപക്ഷ പാർലമെന്റംഗങ്ങൾക്ക് കഴിഞ്ഞ രണ്ടഴ്ചക്കിടെ അവകാശലംഘന നോട്ടീസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ചാനലുകളെയും പത്രങ്ങളെയും ഇരുട്ടിൽ നിർത്തുകയും റെയ്ഡ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സർക്കാരിന്റെ ശബ്ദമാണ്.

വിയോജിപ്പുള്ളവർ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. ഈ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ ഭരണഘടനയെ ബഹുമാനിക്കുന്ന സർക്കാരിന്റേതല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഭരണകൂടത്തിനെതിരായ ഏറ്റവും സ്ഥിരതയുള്ള ശബ്ദം. അത് തുടരും.

അമ്പയർ, റഫറി, സുഹൃത്ത്, തത്ത്വചിന്തകൻ, എല്ലാവർക്കും വഴികാട്ടി എന്നിങ്ങനെയായിരിക്കണം രാജ്യ സഭാ അധ്യക്ഷൻ. അദ്ദേഹത്തിന് ഒരു ഭരണകൂടത്തിന്റെയും ചിയർ ലീഡർ ആകാൻ സാധിക്കില്ല. നേതാക്കളുടെ മഹത്വം അളക്കുന്നത് അവർ തങ്ങളുടെ പാർട്ടിയെ സംരക്ഷിച്ചതിന്റെ ആഴം നോക്കിയല്ല, മറിച്ച് ജനസേവനത്തിൽ അവർ തങ്ങളുടെ പങ്ക് എത്ര അന്തസോടെ നിർവഹിച്ചുവെന്ന് നോക്കിയാണ്’ -ജയറാം രമേശ് വ്യക്തമാക്കി.

ലോക്‌സഭയിലെ മൈക്കുകൾ പലപ്പോഴും പ്രതിപക്ഷത്തിനെതിരെ നിശബ്ദമാക്കപ്പെടാറുണ്ടെന്ന് തിങ്കളാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളോട് ഗാന്ധി പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ തനിക്ക് നിശബ്ദത പാലിക്കാനാകില്ലെന്നും ലോകം നമ്മുടെ ചരിത്രപരമായ നേട്ടങ്ങളെയും പ്രവർത്തനങ്ങളെയും ജനാധിപത്യത്തെയും അഭിനന്ദിക്കുമ്പോൾ എന്നാൽ പാർലമെന്റേറിയൻമാരുൾപ്പെടെ നമുക്കിടയിലുള്ള ചിലർ ജനാധിപത്യ മൂല്യങ്ങളെ ചിന്താശൂന്യമായി അവഹേളിക്കുകയാണെന്നും ധൻകർ രാഹുലിനെ വിമർശിച്ചു​കൊണ്ട് ആരോപിച്ചിരുന്നു.

Tags:    
News Summary - Jairam Ramesh's 'cheerleader' jibe at Jagdeep Dhankhar for criticising Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.