മമതയില്ലാത്ത ഇൻഡ്യയെക്കുറിച്ച് ആലോചിക്കാൻ സാധിക്കില്ല - ജയറാം രമേശ്

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇല്ലാത്ത ഇൻഡ്യ സഖ്യത്തെ കുറിച്ച് ചിന്തിക്കാനാകില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. തൃണമൂൽ കോൺഗ്രസ് വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ പ്രധാനഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അസമിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം രമേശിന്‍റെ പരാമർശം.

"മമത ജി ഇല്ലാത്ത ഇൻഡ്യ സഖ്യത്തെ കുറിച്ച് ആർക്കും ചിന്തിക്കാൻ സാധിക്കില്ല. പശ്ചിമബംഗാളിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഒരുമിച്ച് മത്സരിക്കും, എല്ലാ പങ്കാളികളും പങ്കെടുക്കും", ജയറാം രമേശ് കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മമത പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡ്യ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ലോക്സഭ തെര​ഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന പര്ഖ്യാപനവുമായി മമത രംഗത്തെത്തിയത്. ചർച്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിർദേശം കോൺഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. ചർച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാൻ തയാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.

സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് തുടക്കം മുതൽ തൃണമൂലും കോൺഗ്രസും തമ്മിൽ തർക്കം നിലനിന്നിരുന്നു.മമത ബാനർജി അവസരവാദിയാണെന്നും പശ്ചിമബംഗാളിൽ മത്സരിക്കാൻ അവരുടെ കരുണ വേണ്ടെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്ന് കോൺഗ്രസിന് അറിയാമെന്നും ബംഗാളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് സ്വന്തം നിലക്ക് തന്നെ ബി.ജെ.പിയെയും തൃണമൂലിനെയും പരാജയപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2011ൽ മമത അധികാരത്തിലെത്തിയത് കോൺഗ്രസിന്‍റെ കാരുണ്യത്തിലായിരുന്നുവെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 42 സീറ്റുകൾക്ക് കോൺഗ്രസിന് വിട്ടുനൽകാമെന്ന് പാർട്ടി അറിയിച്ചിരുന്നുവെങ്കിലും കോൺഗ്രസ് തള്ളുകയായിരുന്നു.

Tags:    
News Summary - Jairam ramesh says can't think of INDIA Bloc without Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.