മുഖ്യപ്രതി നാരായണ മാലി ബസപ്പ, കൂട്ടുപ്രതി ഹസ്സൻ ദലായത്ത്
മംഗളൂരു: ചിക്കോടി ഹൊരെകോഡിയിലെ ജൈന മതാചാര്യൻ കാമകിമാര നന്തി മഹാരാജയെ അക്രമികൾ ആശ്രമത്തിൽ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ ചുമന്ന് 35 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ തള്ളിയതെന്നാണ് പ്രതികൾ ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
ബുധനാഴ്ച സന്യാസി പ്രഭാത ഭക്ഷണ ശേഷം നേരത്തോട് നേരം കഴിഞ്ഞേ ആഹാരം കഴിക്കൂ എന്ന് ആചാര്യയുടെ പാചകക്കാരിയും ആശ്രമം അന്തേവാസിയുമായ കുസുമയിൽ നിന്ന് മുഖ്യപ്രതി നാരായണ മാലി ബസപ്പ മനസ്സിലാക്കിയിരുന്നു. ആചാര്യയുടെ ആഹാര ശേഷം പാത്രങ്ങളുമായി കുസുമ തിരിച്ചു പോയാൽ പിന്നെ ആ ദിവസം മുറിയിൽ ആരും പ്രവേശിക്കില്ല. വൈദ്യുതാഘാതം ഏല്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ആദ്യം നടത്തിയത്. ശരീരത്തിൽ അനക്കം കണ്ടതിനാൽ ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിർബന്ധിതരായി.
ചാക്കിൽ പൊതിഞ്ഞ മൃതദേഹവും ചുമന്ന് മോട്ടോർ സൈക്കിളിൽ 35 കീലോമീറ്റർ അകലെ മാലിയുടെ ഗ്രാമമായ ഖടകഭാവിയിൽ എത്തിച്ചു. തുണ്ടം തുണ്ടമാക്കിയ ശരീരം കുഴൽക്കിണറിൽ ഉപേക്ഷിച്ചു. ചോരപുരണ്ട വസ്ത്രങ്ങളും സന്യാസിയുടെ ഡയറിയും കത്തിച്ചു. പിറ്റേന്ന് രാവിലെ കുസുമ ആഹാരവുമായി മുറിയിൽ ചെന്നപ്പോൾ ആചാര്യയെ കണ്ടില്ല. സന്യാസി ഉപയോഗിക്കാറുള്ള സാധനങ്ങൾ അവിടെത്തന്നെയുണ്ടായിരുന്നു.
പിന്നീട് ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ പരിശോധനയിൽ സന്യാസിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. പണവും രേഖകളും സൂക്ഷിക്കുന്ന മുറി തുറന്നു കിടക്കുകയായിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച ഉച്ച 12 മണിയോടെ ചിക്കോടി പൊലീസിൽ പരാതി നൽകി. നാലാം മണിക്കൂറിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞു. തുടർന്ന് അറസ്റ്റുമുണ്ടായി.
നാരായണ മാലി ആചാര്യയുമായി ഏറെ അടുപ്പം സ്ഥാപിച്ചിരുന്നു. ഇത് മറയാക്കി വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു ചോദിച്ചപ്പോഴാണ് സന്യാസിയെ കൊലപ്പെടുത്തിയത്. എല്ലാറ്റിനും സഹായിയായി ലോറി ഡ്രൈവറായ ഹസ്സൻ എന്ന ഹസ്സൻ ദലായത്തിനെ ഒപ്പം കൂട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.